ശ്രീനാരായണഗുരുദേവന്റെ അറുപതാം ജയന്തിയോടനുബന്ധിച്ച് ആത്മീയ ശിഷ്യനും ചിന്നസ്വാമിയുമായ മഹാകവി കുമാരനാശാൻ സമർപ്പിച്ച അക്ഷരോപഹാരമാണ് 'ഗുരുസ്‌തവം." അതിൽ ഗുരുവല്ലോ പരദൈവം എന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം വാഴ‌്‌ത്തിയിട്ടുണ്ട്.
ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനവും ലോകമത പാർലമെന്റും വിശ്വഗുരുവായ ഗുരുദേവന്റെ ദർശനകാന്തി ലോകമെങ്ങും പരത്താൻ സഹായിക്കും. അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പ ആ സംരംഭത്തെ അനുഗ്രഹിക്കുന്ന പുണ്യദിനത്തിന് ആശംസകളർപ്പിച്ചുകൊണ്ട് 'ഗുരുദേവ സൗരഭ്യം വത്തിക്കാനിലും" എന്ന തലക്കെട്ടിൽ കേരളകൗമുദി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ ചില പരാമർശങ്ങൾ ഗുരുദേവ ഭക്തരിലും വിശ്വാസികളിലും വേദനയുണ്ടാക്കിയതിൽ നിർവ്യാജം ഖേദിക്കുന്നു.
ലോകത്തെ സർവ ഭാഷകളിലേക്കും ഗുരുവിന്റെ 'ദൈവദശകം" പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അവസാന ഭാഗത്ത്
'ആഴമേറും നിൻ മഹസാ -
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം"
എന്നാണ് ഗുരു ഇച്ഛിക്കുന്നത്. അതിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ദിവ്യപ്രയത്നവും.
ഗുരുവിന്റെ 'ആത്മവിലാസം" എന്ന വിശിഷ്ടമായ ദാർശനിക കൃതിയിൽ 'നാമും ദൈവവും ഒന്നായിരിക്കുന്നു" എന്ന അരുളപ്പാടുമുണ്ട്. മഹാസമാധി ശതാബ്ദിയോടടുക്കുന്ന വേളയിലും ഭഗവാൻ ശ്രീനാരായണഗുരു ദിവ്യദർശനമായും മാർഗദീപമായും ലോകത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദീപുരവി,ചീഫ് എഡിറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |