ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റതിന്റെ വിഷമം തീർത്ത്, ജപ്പാനെ 211 റൺസിന് തകർത്ത് യുവ ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്ടൻ മുഹമ്മദ് അമാന്റെ (പുറത്താകാതെ 127) സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. മറുപടിക്കിറങ്ങിയ ജപ്പാന് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
ക്യാപ്ടന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ മുഹമ്മദ് അമാനാണ് കളിയിലെ താരം. 118 പന്ത് നേരിട്ട് 7 ഫോറുൾപ്പെട്ടതാണ് അമാന്റെ സെഞ്ച്വറി ഇന്നിംഗ്സ്. നാലാം വിക്കറ്റിൽ അമാൻ കെ.പി കാർത്തികേയയ്ക്കൊപ്പം ( 49 പന്തിൽ 57) കൂട്ടിച്ചേർത്ത 122 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഓപ്പണർ ആയുഷ് മാത്രെ (29 പന്തിൽ 54), സിദ്ധാർത്ഥ് (35) എന്നിവരും തിളങ്ങി. ഐ.പി.എൽ ലേലത്തിൽ 1.10 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ പതിമ്മൂന്നുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശി 23 പന്തിൽ 23 റൺസെടുത്തു. ജപ്പാനായി കെയ്ഫർ യെമമോട്ടോ ലെയ്ക്ക്, ഹ്യൂഗോ കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ജപ്പാൻ ബാറ്റിംഗ് നിരയിൽ ഹ്യൂഗോ കെല്ലി (50), ചാൾസ് ഹിൻസെ (പുറത്താകാതെ 35) എന്നിവർക്ക് മാത്രമേ പിടിച്ചു നിൽക്കാനായുള്ളൂ. ഇന്ത്യയ്ക്കായി ചേതൻ ശർമ്മ, ഹാർദിക് രാജ്,കാർത്തികേയ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |