ബംഗാൾ സ്വദേശിക്ക് ആൾക്കൂട്ട മർദ്ദനം
ധാക്ക: ഇന്ത്യയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ഹിന്ദു വിരുദ്ധ നടപടി തുടർന്ന് ബംഗ്ലാദേശ്. ഇന്ത്യയിലേക്ക് പുറപ്പെട്ട 63 ഇസ്‌കോൺ സന്യാസിമാരെ ബംഗ്ലദേശ് അധികൃതർ തടഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കി. പാസ്‌പോർട്ട്,വിസ തുടങ്ങിയ യാത്രാ രേഖകൾ കൈവശം ഉണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ ബംഗ്ലദേശ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. സന്യാസിമാർ എല്ലാവരും ബംഗ്ലാദേശ് പൗരന്മാരാണ്.
ബംഗ്ലാദേശ് അതിർത്തിയായ ബെനാപോൾ ലാൻഡ് പോർട്ടിൽ സന്യാസിമാർ മണിക്കൂറുകളോളം കാത്തിരുന്നിട്ടും അനുമതി നിഷേധിക്കുകയായിരുന്നു. ഇന്ത്യയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ട സന്യാസിമാരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികൾ നിർദ്ദേശിച്ചെന്ന് ഇമിഗ്രേഷൻ പൊലീസ് പറയുന്നു. ഇസ്കോൺ സന്യാസിമാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് പുതിയ സംഭവം.
ഇതിനിടെ, ഇന്ത്യൻ സഞ്ചാരി ബംഗ്ലാദേശിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി. പശ്ചിമ ബംഗാളിലെ ബെൽഘാരിയ സ്വദേശിയായ സയാൻ ഘോഷ് (21) ആണ് പരാതിയുമായി രംഗത്തെത്തിയത്. നവംബർ 26ന് സുഹൃത്തുമായി ധാക്കയിലെ ജുറെയ്ൻ മേഖലയിലെ മാർക്കറ്റ് സന്ദർശിക്കവെയായിരുന്നു സംഭവമെന്ന് സയാൻ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. 'ആറോളം യുവാക്കൾ തന്നെ സമീപിച്ചു. ഇന്ത്യക്കാരനും ഹിന്ദുവുമാണെന്ന് തിരിച്ചറിഞ്ഞതോടെ ക്രൂരമായി മർദ്ദിച്ചു.
തടയാൻ ശ്രമിച്ച സുഹൃത്തിനും മർദ്ദനമേറ്റു. മുഖത്തിനും തലയ്ക്കും പരിക്കേറ്റു. ചികിത്സിക്കാൻ ആരോഗ്യ പ്രവർത്തകർ പോലും തയ്യാറായില്ല. പൊലീസുകാരും കൈയൊഴിഞ്ഞു. ഇന്ത്യക്കാരെ ക്ഷണിക്കരുതെന്ന് കാട്ടി സുഹൃത്തിന്റെ കുടുംബത്തിന് നേരെ ഭീഷണിയുമുണ്ടായി " സയാൻ പറഞ്ഞു. 30ന് നാട്ടിൽ തിരിച്ചെത്തിയ സയാൻ ബെൽഘാരിയ പൊലീസിൽ പരാതി നൽകി.
ഹസീനക്കെതിരായ ആക്രമണം:
പ്രതികളെ വെറുതെവിട്ടു
മുൻ പ്രധാനമന്ത്റി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ 2004ൽ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ 49 പ്രതികളെയും കുറ്റവിമുക്തരാക്കി ബംഗ്ലാദേശ് കോടതി. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാനും ഇക്കൂട്ടത്തിലുണ്ട്. ഹസീനയുടെ രാഷ്ട്രീയ എതിരാളിയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) നേതാവായ ഖാലിദ. ബി.എൻ.പിയുടെ ആക്ടിംഗ് ചെയർപേഴ്സൺ കൂടിയാണ് താരിഖ്. താരിഖിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നെങ്കിലും അതിന് മുന്നേ അയാൾ ലണ്ടനിലേക്ക് കടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |