തിരുവനന്തപുരം: സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേയ്ക്ക്. ഇന്നുരാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ വീട്ടിലെത്തി മധുവിനെ ഔദ്യോഗികമായി ബിജെപിയിലേയ്ക്ക് ക്ഷണിക്കും. ഇന്നലെ രാത്രിയോടെ മധു ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
അതേസമയം, മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി ജോയി നിയമനടപടി സ്വീകരിക്കും. സിവിൽ, ക്രിമിനൽ കേസുകൾ കൊടുക്കുമെന്നാണ് വിവരം. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് മധുവിനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകിയിരുന്നു. മധുവിനെതിരായ പാർട്ടിയുടെ അച്ചടക്ക നടപടിയും ഇന്നുണ്ടാകും. മധുവിനെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തിരുന്നു.
തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു മധു മുല്ലശ്ശേരിയുടെ ഇറങ്ങിപ്പോക്ക്. ഇതു സംബന്ധിച്ച ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയായിരുന്നു ഇറങ്ങിപോയത്. സമ്മേളനം വിട്ട അദ്ദേഹം പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായ വിമർശനം നടത്തുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എ. റഹീം എം.പി, എം. വിജയകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലായിരുന്നു മധുവിന്റെ പ്രതിഷേധം. പ്രാദേശിക തലത്തിലെ വിഭാഗീയതകൾ പരസ്യമാകുകയും ഏരിയാ കമ്മിറ്റികൾ പോലും പിരിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തിനിടെയാണ് മംഗലപുരം ഏരിയാ സമ്മേളനവും തർക്കത്തിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |