ചെന്നൈ: സിനിമാ റിവ്യൂകൾ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി തമിഴ് നിർമാതാക്കളുടെ സംഘടന. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യൽ മീഡിയ റിവ്യൂകൾ അനുവദിക്കരുത്. ഇക്കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമകളെ നശിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണ് റിവ്യൂവർമാർ നടത്തുന്നതെന്നും വേട്ടയ്യൻ, കങ്കുവ, ഇന്ത്യൻ - 2 സിനിമകൾ ഉദാഹരണമാണെന്നും നിർമാതാക്കൾ ഹർജിയിൽ പറയുന്നു. തമിഴ്‌നാട്ടിൽ സമീപകാലത്ത് റിലീസ് ചെയ്‌ത രജനികാന്ത് ചിത്രം വേട്ടയ്യൻ, കമൽഹാസന്റെ ഇന്ത്യൻ - 2 തുടങ്ങിയ ബിഗ് ബഡ്‌ജറ്റ് സിനിമകൾ പ്രതീക്ഷിച്ച കളക്ഷനുകൾ നേടിയിരുന്നില്ല. സൂര്യയുടെ കങ്കുവ റിലീസ് ചെയ്ത് ആദ്യ ഷോയുടെ ഇടവേളയിൽ തന്നെ നെഗറ്റീവ് റിവ്യൂകൾ വന്നിരുന്നു. സിനിമയുടെ വലിയ പരാജയത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ഇക്കാര്യം നിർമാതാക്കൾക്കിടയില്‍ വലിയ ചർച്ചയായി.
തീയേറ്ററുകൾക്കുള്ളിൽ വന്ന് യൂട്യൂബർമാർ റിവ്യൂ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തീയേറ്റർ ഉടമകൾക്ക് നിർമാതാക്കളുടെ സംഘടന കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാക്കൾ എത്തിയിരിക്കുന്നത്. ഹർജി ഇന്ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.
അടുത്തിടെ മലയാള സിനിമാ നിർമാതാക്കളും റിവ്യൂകൾക്കെതിരെ രംഗത്തെത്തിയിരുന്നു. റിവ്യൂ ബോംബിംഗിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്‌തിരുന്നു. ഒപ്പം മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. യൂട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്ക് അടക്കമുള്ളവർക്കെതിരെ പരാതിയുമായി നിരവധി നിർമാതാക്കൾ രംഗത്തെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |