എമ്പുരാനിൽ വില്ലൻ ആരാണെന്ന് അറിയാവുന്നത് നാല് പേർക്ക് മാത്രമാണെന്ന് നടൻ നന്ദു. സത്യം പറഞ്ഞാൽ തനിക്കുപോലും അത് അറിയില്ലെന്നും, പൃഥ്വിരാജ് ഇനി കഥ മുഴുവൻ പറയാമെന്ന് പറഞ്ഞാലും തനിക്കതിൽ താൽപര്യമില്ലെന്ന് നന്ദു പറയുന്നു. തിയേറ്ററിൽ പോയി എമ്പുരാൻ എൻജോയ് ചെയ്യാനാണ് താൽപര്യമെന്നാണ് നന്ദുവിന്റെ പ്രതികരണം.
''സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല ഇതിൽ വില്ലൻ ആരാണെന്ന്. ഇത് എഴുതിയ മുരളി ഗോപി, ഡയറക്‌ട് ചെയ്യുന്ന പൃഥ്വിരാജ്, നായകനായിട്ടുള്ള മോഹൻലാൽ, പ്രൊഡ്യൂസ് ചെയ്യുന്ന ആന്റണി പെരുമ്പാവൂർ ഇവർ നാലു പേർക്കേ ഈ കഥ എന്താണെന്ന് അറിയാവൂ. മോഹൻലാലിന്റെ കഥാപാത്രത്തിന് വേറൊരു മുഖവും കൂടിയുണ്ടല്ലോ? രണ്ട് ട്രാക്കിൽ പോകുന്നത് കൊണ്ട് നമ്മൾ സിനിമയെ കുറിച്ച് കാടുകയറി ചിന്തിക്കേണ്ട കാര്യമില്ല. നമുക്ക് തന്നത് അഭിനയിക്കുക, പോവുക എന്നതേയുള്ളൂ. പൃഥ്വിരാജ് അഥവാ എന്നോട് പറയുവാണ്, ചേട്ടാ കഥ പറഞ്ഞുതരാമെന്ന്. എന്നാലും, അറിയേണ്ടാ എന്നേ ഞാൻ പറയൂ. കാര്യം ഇത് തിയേറ്ററിൽ നമുക്ക് എക്‌സ്പീരിയൻസ് ചെയ്യണം. കഥ അറിഞ്ഞാൽ അത് പോകും. ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയേറ്ററിൽ കാണുമ്പോഴുള്ള എക്‌സ്‌പീരിയൻസിനാണ് കാത്തിരിക്കുന്നത്''. - നന്ദുവിന്റെ വാക്കുകൾ.
കഴിഞ്ഞദിവസമാണ് എമ്പുരാന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും അറിയിച്ചത്. 2019 മാർച്ച് 28നായിരുന്നു എമ്പുരാന്റെ ഒന്നാം ഭാഗമായ ലൂസിഫർ റിലീസ് ചെയ്തത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അബ്‌റാം ഖുറേഷിയായും സ്റ്റീഫൻ നെടുമ്പള്ളിയായും എത്തുന്നു. സയദ് മസൂദായി പൃഥ്വിരാജും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, ഇന്ദ്രജിത്ത്, സായ്‌കുമാർ, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
മുരളി ഗോപി ആണ് രചന. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ദീപക് ദേവ്. അസോസിയേറ്റ് ഡയറക്ടർ വാവ, ക്രിയേറ്റീവ് ഡയറക്ടർ നിർമൽ സഹദേവ്, പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്‌ക്കൽ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |