കോട്ടയം : അനധികൃത റെന്റ് എ കാർ ബിസിനസുമായി ഉന്നത സർക്കാർ ഉദ്യോഗസ്ഥർ വരെ കളംനിറഞ്ഞിട്ടും നടപടിയെടുക്കാനാകാതെ മോട്ടോർവാഹനവകുപ്പ്. ആലപ്പുഴയിൽ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ യാത്രയും റെന്റ് എ കാറിലായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ കുടുങ്ങുന്നത് ഉടമകൾക്കൂടിയാണെന്ന് അറിയാതെയാണ് പലരും താത്കാലിക ലാഭത്തിനായി കാറുകൾ വാടകയ്ക്ക് നൽകുന്നത്.
നിയമപ്രകാരം റെന്റ് എ കാബ് എന്നാണ്. കാറുകൾ വാടകയ്ക്ക് കൊടുക്കണമെങ്കിൽ ഉടമയ്ക്ക് 50 വാഹനങ്ങൾ വേണം. 50 ശതമാനം വാഹനങ്ങളും എ.സിയായിരിക്കണം. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കറുപ്പിൽ മഞ്ഞ അക്ഷരങ്ങളായാണ് രേഖപ്പെടുത്തേണ്ടത്. പ്രത്യേക ലൈസൻസും വേണം. എന്നാൽ വാടകയ്ക്ക് നൽകുന്ന ഭൂരിഭാഗം വാഹനങ്ങൾക്കും ഇതൊന്നും പാലിക്കുന്നില്ല. രജിസ്‌ട്രേഷനില്ലാത്ത ഇത്തരം കാറുകളിൽ അപകടങ്ങളുണ്ടായാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിനും തടസമുണ്ട്. പലർക്കുമിത് സൈഡ് ബിസിനസാണ്. കാറിന്റെ ഇ.എം.ഐ ഉൾപ്പെടെയുള്ള ചെലവുകൾ വാടകയ്ക്ക് നൽകി ഈടാക്കുന്നവരുമുണ്ട്. എന്നാൽ അപകടമുണ്ടാകുമ്പോഴോ പൊലീസ് കേസാകുമ്പോഴോ ആണ് പലരും കുഴിയിൽ ചാടുന്നത്. കാറുകൾ അനധികൃതമായി വാടകയ്ക്ക് എടുത്ത് ലഹരിക്കടത്ത് നടത്തുന്നവരുമുണ്ട്.
കള്ളടാക്സികൾക്ക് നിയമത്തിൽ പഴുത്
'സ്വകാര്യ കാറുകളും 7 സീറ്റ് വാഹനങ്ങളും സ്വകാര്യ സ്ഥാപനങ്ങൾക്ക് വിറ്റതായി രേഖയാക്കാം. 45 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറിയാൽ മതി. ഈ നിയമത്തിന്റെ പഴുതിലാണ് ഈ രീതിയിൽ കൈമാറ്റം കാണിച്ച വാഹനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ എന്നിവയ്ക്കായി ടാക്സി പെർമിറ്റില്ലാതെ മാസവാടകയ്ക്ക് നൽകി സർവീസ് നടത്തുന്നത്.
റെന്റെടുക്കുന്നവർ ശ്രദ്ധിക്കാൻ
നമ്പർ പ്ലേറ്റ് കറുത്ത ബോർഡിൽ മഞ്ഞ നിറത്തിൽ
പ്രത്യേക ലൈസൻസും സർട്ടിഫിക്കറ്റുമുള്ള സ്ഥാപനം വേണം
സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നത് കള്ള ടാക്സികൾക്ക് സമം
കള്ളടാക്സി പിടിച്ചാൽ
പിഴ : 15,000
15 ദിവസം കസ്റ്റഡിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |