ആലപ്പുഴ: അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മരണത്തിന് കാരണമായ ആലപ്പുഴ കളര്‍കോട് അപകടത്തില്‍ ഡ്രൈവറെ പ്രതി ചേര്‍ത്ത് പൊലീസ്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പൊലീസ്. അപകടം നടന്ന സമയത്ത് ഡ്രൈവര്‍ അലക്ഷ്യമായി ബസ് ഓടിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടി മാത്രമാണിതെന്നാണ് പൊലീസിന്റെ വിശദീകരണം.
സംഭവ സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും അടിസ്ഥാനപ്പെടുത്തി എഫ്‌ഐആറില്‍ മാറ്റം വരുത്തുമെന്നും പൊലീസ് പറയുന്നുണ്ട്. ഡിസംബര്‍ രണ്ടിന് (തിങ്കളാഴ്ച) ആണ് ആലപ്പുഴ കളര്‍കോട് ജംഗ്ഷന് സമീപം രാത്രിയോടെ വലിയ അപകടം നടന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അമിത വേഗത്തില്‍ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ചുപേരാണ് ഇന്നെല ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരി മുക്കിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെടി ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എഎന്‍ ബിനുരാജിന്റെ മകന്‍ ബി ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറ് വിദ്യാര്‍ത്ഥികള്‍ ചികിത്സയിലാണ്.
അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ചേതനയറ്റ നിലയില്‍ ഉറ്റസുഹൃത്തുക്കളെ കണ്ട സഹപാഠികളെല്ലാം വിങ്ങിപ്പൊട്ടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ കൊണ്ടുവന്നത്. വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം വാടകക്ക് നല്‍കാനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല. വാടകയ്ക്ക് നല്‍കിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |