തിരുവനന്തപുരം: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന നേമം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ അഡി.രജിസ്ട്രാർ കർത്തയെ നിയോഗിച്ച് രജിസ്ട്രേഷൻ വകുപ്പ്. ഓഡിറ്ര് പെട്ടെന്ന് തീർക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെയും നിയമിച്ച് ഉത്തരവായി.നേമം സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഓൺലൈൻ യോഗത്തിൽ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തുടർനടപടികൾ വേഗത്തിലാക്കാൻ സഹകരണ വകുപ്പ് നീക്കമാരംഭിച്ചത്.
യോഗത്തിൽ ബാങ്ക് ഭരണസമിതിക്കെതിരെയും വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിവേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയതിനെ പിന്നാലെയാണ് പുതിയ നീക്കങ്ങൾ.
നേമം സഹകരണ ബാങ്കിൽ മുൻകാലങ്ങളിൽ ഓഡിറ്റ് നടത്തിയിരുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടക്കുന്നത്.ഇവർ ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നും തട്ടിപ്പുകാർക്ക് ഒത്താശ ചെയ്തിരുന്നോ എന്നും അന്വേഷണമുണ്ട്. ഇതുവരെ പുറത്തുവന്ന വിവരങ്ങളനുസരിച്ച് രണ്ട് ഡസനോളം ഉദ്യോഗസ്ഥർ ക്രമക്കേടിന് മൗനാനുവാദം നൽകിയെന്നാണ് കേൾക്കുന്നത്. ഇവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ നടപടികളുണ്ടായേക്കും.എന്നാൽ ജീവനക്കാരുമായി സംസാരിച്ച് അവരുടെ ഭാഗം കൂടി കേട്ടശേഷം മാത്രമേ അത്തരത്തിലുള്ള നടപടിക്ക് രജിസ്ട്രേഷൻ വകുപ്പ് തയ്യാറാകൂവെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന സൂചന.അതേസമയം ബാങ്ക് തട്ടിപ്പിന് പിന്നിലുള്ള യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ഉദ്യോഗസ്ഥരും പറയുന്നു.
യഥാർത്ഥ പ്രതികൾ സി.പി.എമ്മുകാരായ പ്രാദേശിക നേതാക്കളാണ്.ബാങ്ക് മുൻ പ്രസിഡന്റുമാർ,സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവരെ ഇതുവരെ ചോദ്യം ചെയ്യുകയോ അവർക്കെതിരെ ചെറുവിരലനക്കുകയോ ചെയ്യാതെയാണ് ഉദ്യോഗസ്ഥരെ ക്രൂശിക്കാൻ സർക്കാർ നീക്കം നടത്തുന്നതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |