മൂവാറ്റുപുഴ: കുട്ടികളിൽ വായനാശീലം വളർത്താൻ വേറിട്ട പദ്ധതിയുമായി മീരാസ് ഡിജിറ്റൽ പബ്ളിക് ലൈബ്രറി.കളിയോടൊപ്പം വായന എന്ന പദ്ധതിയിലൂടെ സ്പോർട്സിനോട് താത്പര്യമുള്ള കുട്ടികൾക്ക് വായനയോടും താത്പര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മീരാസ് ലൈബ്രറിയുടെ തന്നെ ഫുട്ബാൾ അക്കാഡമിയിൽ പരിശീലനം നേടുന്ന 50 കുട്ടികളാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അംഗങ്ങളാക്കിയിരിക്കുന്നത്. കുട്ടികൾക്ക് കഥാ പുസ്തകങ്ങൾ നൽകിക്കൊണ്ട് ഡോ. പി.ബി .സലിം, പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .കെ. അസീസ് എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറിയുടെ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ അസീസ് കുന്നപ്പിള്ളി, ഷാജി ഫ്ലോട്ടില, സഹീർ മേനാമറ്റം, അസീസ് പി. ബി, സച്ചിൻ സി. ജെ തുടങ്ങിയവർ പങ്കെടുത്തു.
വായിച്ചാൽ സമ്മാനവും
ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകും. ശാസ്ത്രം, കായികം, സാഹിത്യം, ചരിത്രം എന്നിങ്ങനെ അവർക്കിഷ്ട്ടപ്പെട്ട മേഖലയിൽ നിന്നുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. പുസ്തകം തിരികെ എത്തിക്കുമ്പോൾ അതേക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പും നൽകണം. മികച്ച കുറിപ്പുകൾക്ക് സമ്മാനം നൽകി കുട്ടികളെ പ്രോത്സാഹിപ്പിക്കും. ഡോ. പി.ബി സലീം തന്റെ മാതാവിന്റെ ഓർമ്മയ്ക്കായി 5 വർഷം മുമ്പ് തുടക്കമിട്ടതാണ് മീരാസ് ഡിജിറ്റൽ ലൈബ്രറി. 3 വർഷമായി ലൈബ്രറി കൗൺസിലിന്റെ ഗ്രാൻഡും ലൈബ്രറിക്ക് ലഭിക്കുന്നുണ്ട്. പുതുതായി തുടങ്ങുന്ന സ്പോർട്സ് അക്കാഡമി ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ലൈബ്രറി രക്ഷാധികാരിയായ ഡോ. പി.ബി സലീം സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. ഓഫീസിന്റെ പൂർണ്ണ തോതിലുള്ള പ്രവർത്തനം 2025 ജനുവരിയിൽ പൂർത്തിയാകും.
ഫുട്ബാൾ പരിശീലനത്തോടൊപ്പം പൊതുജനത്തിന് ഒരു ഓപ്പൺ ജിം കൂടി നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ജിമ്മിൽ എത്തുന്നവർ ശാരീരിക വ്യായാമത്തോടൊപ്പം മാനസിക വികാസത്തിന് വായനവ്യായാമത്തിനും വേദിയൊരുക്കിയാണ് ജിമ്മിന്റെ പ്രവർത്തനം സജീകരിക്കുക.
അസീസ് കുന്നപ്പിള്ളി
ലൈബ്രറി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |