കൊച്ചി: കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം നൽകിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ ക്വോവാറന്റോ ഹർജി. യു.ജി.സി ചട്ടപ്രകാരം സേർച്ച് കമ്മിറ്റി രൂപീകരിക്കാതെയുള്ള ഗവർണറുടെ നിയമനനടപടി നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ തീർപ്പാകും വരെ ആരോഗ്യ സർവകലാശാലാ വി.സിയായി പ്രവർത്തിക്കുന്നതിൽ നിന്ന് ഡോ. മോഹനൻ കുന്നുമ്മലിനെ വിലക്കണമെന്നും ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.
ഡോ. മോഹനൻ കുന്നുമ്മലിന് 5 വർഷത്തേക്ക് അല്ലെങ്കിൽ 70 വയസ് തികയുംവരെ പുനർനിയമനം നൽകി ഒക്ടോബർ 26നാണ് ഗവർണർ വിജ്ഞാപനമിറക്കിയത്.
മികച്ച അദ്ധ്യാപകർക്ക് ആരോഗ്യ
സർവകലാശാല അവാർഡ്
തൃശൂർ: ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ അദ്ധ്യാപകർക്കുള്ള ബെസ്റ്റ് ടീച്ചർ അവാർഡ് പ്രഖ്യാപിച്ചു. ആയുർവേദം, ഡെന്റൽ സയൻസ്, ഹോമിയോപ്പതി, മെഡിസിൻ, നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ്, ഫാർമസ്യൂട്ടിക്കൽ സയൻസസ് വിഭാഗങ്ങളിലുള്ളവർക്കാണ് അവാർഡ്. ജേതാക്കൾ: ഡോ.കെ.പ്രദീപ് , അസോസിയേറ്റ് പ്രൊഫസർ, ഗവ.ആയുർവേദ കോളേജ്, കണ്ണൂർ (ആയുർവേദ, സിദ്ധ, യുനാനി), ഡോ.ആർ.എം.ബൈജു, അഡിഷണൽ പ്രൊഫസർ, ഗവ. ഡെന്റൽ കോളേജ്, കോട്ടയം (ഡെന്റൽ സയൻസ്), ഡോ.കെ.എൽ.നിമിമോൾ, പ്രൊഫസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോഴിക്കോട് (ഹോമിയോപ്പതി), ഡോ.സൈറു ഫിലിപ്പ്, പ്രൊഫസർ, ഗവ.മെഡിക്കൽ കോളേജ്, കോട്ടയം (മെഡിസിൻ), ഡോ. ഇ.സുജിത, അസി. പ്രൊഫസർ, ഗവ.കോളേജ് ഒഫ് നഴ്സിംഗ്, തൃശൂർ (നഴ്സിംഗ്), ഡോ.വി.ആർ.ബിജു റാണി, അസോസിയേറ്റ് പ്രൊഫസർ, തിരു.ഗവ.മെഡിക്കൽ കോളേജ് (അലൈഡ് ഹെൽത്ത് സയൻസസ്), ഡോ.കെ.അരുൾ, പ്രൊഫസർ, കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, തിരു.ഗവ.മെഡിക്കൽ കോളേജ്(ഫാർമസ്യൂട്ടിക്കൽ സയൻസസ്).
കലാമണ്ഡലം: താത്കാലിക
അദ്ധ്യാപകർ ഇന്ന് ജോലിക്ക്
തൃശൂർ: മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെതിരെ സമരം ചെയ്ത കലാമണ്ഡലത്തിലെ താത്കാലിക അദ്ധ്യാപകർ ഇന്ന് ജോലിയിൽ പ്രവേശിക്കും. പിരിച്ചുവിടൽ റദ്ദാക്കി ഉത്തരവിറക്കിയാലേ ജോലിയിൽ പ്രവേശിക്കൂ എന്ന് അദ്ധ്യാപകർ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണനുമായി നടന്ന ചർച്ചയിലെ ധാരണ പ്രകാരം പിരിച്ചുവിടൽ റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. അതിന് മുമ്പ് ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിൽ സന്ദേശമയയ്ക്കുകയാണ് അധികൃതർ ചെയ്തത്. പിരിച്ചുവിടാൻ ഉത്തരവും തിരിച്ചെടുക്കാൻ സന്ദേശവുമെന്ന നിലപാടിനെ അദ്ധ്യാപകർ എതിർത്തു.
കലാമണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് 132 താത്കാലിക അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാരോട് ഇനിയൊരു അറിയിപ്പ് വരെ ജോലിക്ക് വരേണ്ടെന്ന് കാട്ടി ഉത്തരവിറക്കിയത്. നവംബറിലെ ശമ്പളത്തിനുള്ള തുക സർക്കാരിൽ നിന്ന് ലഭിച്ചിരുന്നില്ല. തുടർന്ന് സാംസ്കാരിക മന്ത്രിയുമായി വി.സി ചർച്ച നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്നും പഴയതുപോലെ തുടരാമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് പിരിച്ചുവിടൽ റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |