ന്യൂഡൽഹി:യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള ആറു പള്ളികളിലെ ഭരണം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ സുപ്രീംകോടതി നിർദ്ദേശം നൽകി.
എറണാകുളത്തെ പുളിന്താനം, മഴുവന്നൂർ, ഓടക്കാലി, പാലക്കാട് ജില്ലയിലെ മംഗലം ഡാം, ചെറുകുന്നം, എരിക്കുംചിറ പള്ളികളുടെ ഭരണമാണ് കൈമാറേണ്ടത്.
1934ലെ മലങ്കര സഭ ഭരണഘടനാ പ്രകാരം പളളികൾ ഭരിക്കപ്പെടണമെന്ന് 2017ൽ സുപ്രീംകോടതി വിധിച്ചതാണെന്നും വിധിയെ മനപൂർവ്വം അനുസരിക്കാതെ യാക്കോബായ വിഭാഗം കോടതിയലക്ഷ്യം നടത്തിയെന്നും ജസ്റ്റിസ് സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭരണം കൈമാറിയശേഷം യാക്കോബായ വിഭാഗം സത്യവാങ്മൂലം സമർപ്പിക്കണം. ഇല്ലെങ്കിൽ കോടതിയലക്ഷ്യനടപടിയിലേക്ക് നീങ്ങും
പള്ളിക്ക് കീഴിലെ സെമിത്തേരി, സ്‌കൂൾ, ആശുപത്രി അടക്കം പൊതുസൗകര്യങ്ങൾ യാക്കോബായ വിഭാഗത്തിന് ഉറപ്പുവരുത്തണമെന്ന് ഓർത്തഡോക്‌സ് വിഭാഗത്തോടും നിർദ്ദേശിച്ചു. ഇക്കാര്യം കോടതിക്ക് എഴുതി നൽകണം. ഡിസംബർ 17ന് വീണ്ടും പരിഗണിക്കും.
സഭാതർക്കത്തിൽ അന്തിമതീർപ്പ് കൽപ്പിച്ചതാണെന്നും വിധി നടപ്പാക്കൽ മാത്രമാണ് ബാക്കിയുള്ളതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഈ പള്ളികൾ ഏറ്റെടുക്കാൻ ജില്ലാ കളക്‌ടർമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യനടപടിക്കും തുടക്കം കുറിച്ചിരുന്നു. ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന മുൻനിർദ്ദേശം ഇന്നലെ നീട്ടി.
രാഷ്ട്രീയ കാരണങ്ങളാൽ സംസ്ഥാന സർക്കാർ യാക്കോബായ വിഭാഗത്തെ പിന്തുണയ്‌ക്കുകയാണെന്ന് ഓർത്തഡോക്‌സ് വിഭാഗം അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. രക്തച്ചൊരിച്ചിൽ ഒഴിവാക്കി ശാശ്വതപരിഹാരത്തിനാണ് ശ്രമമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. യാക്കോബായ വിഭാഗത്തിന്റെ ശക്തമായ എതിർപ്പ് കാരണം, നേരത്തേ പല പള്ളികളും പൊലീസ് നടപടികളിലൂടെയാണ്കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |