രൂപ@84.75 വരെ താഴ്ന്നു
ഡോളറിനെതിരെ രൂപയ്ക്ക് റെക്കാഡ് മൂല്യയിടിവ്
കൊച്ചി: നിയുക്ത അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ നിലപാടുകൾ ലോകത്തെ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ശക്തമാകുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്നലെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 84.75ൽ എത്തി. എന്നാൽ റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾ വഴി ഡോളർ വിറ്റഴിച്ചതോടെ വ്യാപാരാന്ത്യത്തിൽ രൂപയുടെ മൂല്യം 84.69ലേക്ക് മെച്ചപ്പെട്ടു. വ്യാപാര ഇടപാടുകളിൽ ഡോളർ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് നൂറ് ശതമാനം നികുതി ഏർപ്പെടുമെന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയാണ് ഇന്ത്യൻ രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിക്കുന്നത്. ഓഹരി വിപണിയിലെ മികച്ച മുന്നേറ്റവും റിസർവ് ബാങ്കിന്റെ വിപണി ഇടപെടലും രൂപയ്ക്ക് കൈത്താങ്ങായില്ല. ചൈനീസ് യുവാന്റെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി.
രൂപയുടെ വിലയിടിവിന് പിന്നിൽ
1.ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിക്കുന്നു
2. ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയിൽ വിലയിലെ വർദ്ധനയും ഡോളർ ആവശ്യം കൂട്ടുന്നു
3. ജൂലായ് മുതൽ സെപ്തംബർ വരെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5.4 ശതമാനത്തിലേക്ക് മൂക്കുകുത്തിയതോടെ നിക്ഷേപകർക്ക് രൂപയുടെ സ്ഥിരതയിൽ സംശയമേറുന്നു
4. ഡോളറിനെതിരെ ചൈനീസ് യുവാന്റെ കനത്ത മൂല്യയിടിവ് ഇന്ത്യൻ രൂപയ്ക്കും സമ്മർദ്ദം സൃഷ്ടിക്കുന്നു
മുന്നേറ്റ പാതയിൽ ഓഹരി വിപണി
ആഭ്യന്തര, ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിവസവും മികച്ച നേട്ടമുണ്ടാക്കി. ആഭ്യന്തര ഫണ്ടുകളും ചെറുകിട നിക്ഷേപകരും സജീവമായതാണ് വിപണിക്ക് ഉൗർജം പകർന്നത്. വിദേശ നിക്ഷേപകരും നേരിയ ഇടവേളയ്ക്ക് ശേഷം വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതും അനുകൂലമായി. ഇന്നലെ സെൻസെക്സ് 597.67 പോയിന്റ് ഉയർന്ന് 80,845.75ൽ അവസാനിച്ചു. ദേശീയ സൂചിക 181.1 പോയിന്റ് നേട്ടവുമായി 24,457.15ൽ എത്തി. റിലയൻസ് ഇൻഡസ്ട്രീസ്, പൊതുമേഖല കമ്പനികൾ, മാദ്ധ്യമ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |