രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീം അഡ്‌ലെയ്ഡിലെത്തി
അഡ്‌ലെയ്ഡ് : ആദ്യ ടെസ്റ്റിലും സന്നാഹ മത്സരത്തിലും വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിനായി അഡ്‌ലെയ്ഡിലെത്തി. വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാകുന്നത്. പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഡേ ആൻഡ് നൈറ്റ് ടെസ്റ്റാണ് അഡ്‌ലെയ്ഡിൽ നടക്കുന്നത്. ഈ പരമ്പരയിലെ ഏക ഡേ ആൻഡ് നൈറ്റ് ടെസ്റ്റാണിത്.
സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോട് തുടർച്ചയായി മൂന്ന് ടെസ്റ്റുകളിൽ തോറ്റ് നാണംകെട്ടശേഷം ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയ ഇന്ത്യൻ ടീം പെർത്തിൽ 295 റൺസിന്റെ വിജയം നേടിയാണ് ആത്മവിശ്വാസം വീണ്ടെടുത്തത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് വിട്ടുനിന്ന രോഹിത് ശർമ്മയ്ക്ക് പകരം ജസ്പ്രീത് ബുംറയാണ് പെർത്തിൽ ഇന്ത്യയെ നയിച്ചത്. തുടർന്ന് കാൻബെറയിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി ഡേ ആൻഡ് നൈറ്റായി നടന്ന സന്നാഹ മത്സരത്തിൽ വിജയിച്ചു. ഈ മത്സരത്തിൽ രോഹിത് ശർമ്മയാണ് നയിച്ചത്. പരിക്കുമൂലം ആദ്യ ടെസ്റ്റിൽ നിന്ന് വിട്ടുനിന്നിരുന്ന ശുഭ്മാൻ ഗില്ലും സന്നാഹത്തിൽ കളിച്ചിരുന്നു.
ഗില്ലും രോഹിതും വരും, ആരൊക്കെ പോകും ?
1. വ്യക്തിപരമായ കാര്യങ്ങൾ കഴിഞ്ഞ് രോഹിത് ശർമ്മയും പരിക്കുകഴിഞ്ഞ് ശുഭ്മാൻ ഗില്ലും പ്ളേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് ലൈനപ്പിൽ ഉണ്ടാകുകയെന്നാണ് അറിയേണ്ടത്.
2. പെർത്തിലെ രണ്ടാം ഇന്നിംഗ്സിൽ തകർത്താടിയ യശസ്വി ജയ്സ്വാൾ - കെ.എൽ രാഹുൽ സഖ്യത്തെ അഡ്‌ലെയ്ഡിലും ഓപ്പണിംഗിൽ നിയോഗിക്കുമെന്നാണ് സൂചന.
3. സ്ഥിരം ഓപ്പണറായ രോഹിത് സന്നാഹത്തിൽ മദ്ധ്യനിരയിലേക്ക് മാറിയത് അഡ്‌ലെയ്ഡിലും ആവർത്തിക്കാനാണ് സാദ്ധ്യത.
4. ഗിൽ ഫസ്റ്റ് ഡൗണായിറങ്ങുകയും വിരാട് സെക്കൻഡ് ഡൗണാവുകയും ചെയ്താണ് അഞ്ചാം നമ്പരിലേ രോഹിതിന് അവസരം ലഭിക്കുകയുള്ളൂ.
5. പെർത്തിൽ കളിക്കാതിരുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിന് അഡ്‌ലെയ്ഡിലും അവസരം ലഭിക്കാനിടയില്ല. അശ്വിന് പകരം വാഷിംഗ്ടൺ സുന്ദർ ഈ ടെസ്റ്റിലും കളിക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |