ഹൈദരാബാദ് : സെയ്ദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ആന്ധ്രയോട് ദാരുണമായി തോറ്റ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകൾ തുലാസിലായി. ഇന്നലെ ആറ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന് ആൾഔട്ടായി. 42 പന്തുകളും നാലുവിക്കറ്റുകളും ബാക്കിനിൽക്കേ ആന്ധ്ര വിജയം കണ്ടു. നായകൻ സഞ്ജു സാംസൺ(7),രോഹൻ കുന്നുമ്മൽ (9),അസ്ഹറുദ്ദീൻ (0), സൽമാൻ നിസാർ (3),വിഷ്ണുവിനോദ് (1) എന്നിവർ പെട്ടെന്ന് പുറത്തായതാണ് കേരളത്തിന് തിരിച്ചടിയായത്. ആന്ധ്രയ്ക്ക് വേണ്ടി ശശികാന്ത് മൂന്ന് വിക്കറ്റും കെ.സുദർശൻ,സത്യനാരായണ രാജു,ബോധല കുമാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി. ബാറ്റിംഗിൽ ശ്രീകാർ ഭരത് (56*) അർദ്ധസെഞ്ച്വറി നേടി. മുൻ ഇന്ത്യൻ താരവും മലയാളിയും കേരളത്തിന്റെ പരിശീലകനുമായിരുന്ന ടിനു യോഹന്നാനാണ് ആന്ധ്രയുടെ കോച്ച്.
നോക്കൗട്ടിലെത്താൻ വേണ്ടത്
ഗ്രൂപ്പ് ഇയിലെ ആറു മത്സരങ്ങളും പൂർത്തിയായപ്പോൾ നാലുജയവുമായി 16 പോയിന്റ് നേടിയ കേരളം ആന്ധ്രയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. അഞ്ചുമത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ആന്ധ്രയാണ് ഒന്നാമത്.അഞ്ചുകളികളിൽ നിന്ന് 16 പോയിന്റുള്ള മുംബയ് മൂന്നാമത്.
ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾക്കാണ് നോക്കൗട്ടിലേക്ക് പ്രവേശനം. ആന്ധ്രയും മുംബയ്‌യും തമ്മിൽ ഒരു മത്സരം അവശേഷിക്കുന്നതാണ് കേരളത്തിന്റെ വെല്ലുവിളി. ഇവർ തമ്മിലുള്ള മത്സരത്തിൽ മുംബയ് ജയിച്ചാൽ കേരളം പുറത്താകും.
ആന്ധ്ര ജയിച്ചാൽ മുംബയ്‌ക്കും കേരളത്തിനും ഒരേ പോയിന്റ് നില എത്തും. നേർക്ക് നേർ പോരാട്ടത്തിൽ മുംബയ്‌യെ തോൽപ്പിച്ചതിനാൽ കേരളത്തിന് നോക്കൗട്ടിൽ കടക്കാം. പക്ഷേ അതിന് മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. മഹാരാഷ്ട്ര തങ്ങളുടെ ആറാം മത്സരത്തിൽ സർവീസസിനെ തോൽപ്പിച്ചാൽ കേരളം,മുംബയ്, മഹാരാഷ്ട്ര ടീമുകൾക്ക് 16 പോയിന്റ് വീതമാകും. മൂന്ന് ടീമുകൾക്ക് ഒരേ പോയിന്റ് നില വന്നാൽ ഹെഡ് ടു ഹെഡ് നോക്കില്ല. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ നോക്കൗട്ടിലേക്കുള്ള ടീമിനെ നിശ്ചയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |