സിഡ്നി : ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ 1947-48ൽ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ധരിച്ചിരുന്ന തൊപ്പി ഇന്നലെ ലേലത്തിൽ പോയത് 250000 ഡോളറിന് (ഏകദേശം രണ്ട് കോടി 11 ലക്ഷത്തിലധികം രൂപ). 80 കൊല്ലത്തിലേറെ പഴക്കമുള്ള, പ്രാണികൾ പാതിയും നശിപ്പിച്ച ഈ ബാഗി ഗ്രീൻ ക്യാപ് ബൊനാംസ് ഓക്ഷൻ ഹൗസാണ് ലേലത്തിൽവച്ചത്.നികുതിയടക്കം രണ്ട് കോടി 60 ലക്ഷം രൂപയാകും തൊപ്പി കയ്യിൽ കിട്ടാൻ.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു 1947-48ലേത്. ബ്രാഡ്മാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട ഈ പരമ്പരയിലെ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറികളും ഉള്‍പ്പടെ 715 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ പരമ്പരയില്‍ കളിക്കാനായാണ് ബ്രാഡ്മാന്‍ തന്റെ വിരമിക്കല്‍ നീട്ടിവെച്ചത്. ഇന്ത്യയോടുള്ള ആദരവിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് പില്‍ക്കാലത്ത് ഫേര്‍വെല്‍ ടു ക്രിക്കറ്റ് എന്ന തന്റെ ആത്മകഥയില്‍ ബ്രാഡ്മാന്‍ കുറിച്ചിട്ടുണ്ട്. ഇതിനുശേഷം 1948ല്‍ ഓവലില്‍ ആഷസ് പരമ്പരയ്ക്കുശേഷമാണ് ബ്രാഡ്മാന്‍ ഔദ്യോഗികമായി വിരമിച്ചത്.
നേരത്തെ ബ്രാഡ്മാന്‍ 1928ലെ അരങ്ങേറ്റ മത്സരത്തില്‍ ഉപയോഗിച്ച തൊപ്പി 2020ല്‍ 290,000 ഡോളറിനാണ് ലേലത്തില്‍ പോയത്. അടുത്തിടെ ഈ തൊപ്പി മെല്‍ബണിലും സിഡ്‌നിയിലും പ്രദര്‍ശനത്തിന് വെച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |