ന്യൂയോർക്ക് : മുൻ കാമുകനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ നടിയും മോഡലുമായ നർഗീസ് ഫഖ്രിയുടെ സഹോദരി ആലിയ അറസ്റ്റിൽ. ന്യൂയോർക്ക് പൊലീസാണ് അറസ്റ്റ് ചെയ്‌തത്. ഗാരിജിന് തീ കൊളുത്തി മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. നവംബർ രണ്ടിനായിരുന്നു സംഭവം. പുലർച്ചെ 6.20ന് മുൻ കാമുകൻ എഡ്വേഡ് ജേക്കബ് (35), അനസ്താസിയ എറ്റിയെൻ (33) എന്നിവർ താമസിക്കുന്ന ഇരുനില ഗാരിജിലെത്തിയ ആലിയ തീ കൊളുത്തുകയായിരുന്നു. ' നിങ്ങളെല്ലാവരും മരിക്കാൻ പോകുകയാണ്' എന്നു പറഞ്ഞുകൊണ്ടാണ് തീ കൊളുത്തിയത്. തീ പടരുന്നത് കണ്ട് പുറത്തെത്തിയ അനസ്താസിയ എഡ്വേഡിനെ രക്ഷിക്കാൻ തിരികെക്കയറി. കെട്ടിടത്തിൽ കുടുങ്ങിയ എഡ്വേഡും അനസ്താസിയയും ദാരുണമായി മരിച്ചു.
മകൾ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ആലിയയുടെ അമ്മ പ്രതികരിച്ചു. ഒരു വർഷമായി ആലിയയുമായി മകന് ബന്ധമില്ലായിരുന്നെന്നും ഇത് ആലിയ അംഗീകരിച്ചിരുന്നില്ലെന്നും എഡ്വേഡിന്റെ മാതാവ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |