തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ആയ. ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ ആയ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവർ പറഞ്ഞു. കേസിൽ ഇപ്പോൾ പ്രതികളായവർ മുമ്പും കുറ്റം ചെയ്‌തവരാണ്. താൽക്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടക്കുകയാണ് പതിവെന്നും മാസങ്ങൾക്ക് മുമ്പ് വരെ ശിശുക്ഷേമ സമിതിയിൽ ജോലി ചെയ്‌തിരുന്ന ആയ പറഞ്ഞു.
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കാര്യം ആയമാർ അധികൃതരെ അറിയിക്കാതെ ഒരാഴ്‌ച മറച്ചുവച്ചു. കിടക്കയിൽ മൂത്രമൊഴിക്കുന്നത് പതിവാക്കിയിരുന്ന കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ഇവർ പലരോടും സംസാരിച്ചത്. അറസ്റ്റിലായ ആയമാർ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയെങ്കിലും ഇടത് രാഷ്‌ട്രീയബന്ധം കാരണം ജോലിയിൽ തുടരുകയായിരുന്നു.
അച്ഛനും അമ്മയും നഷ്‌ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ രണ്ടര വയസുകാരിയോട് ആയമാർ അതിക്രൂരമായാണ് പെരുമാറിയത്. കിടക്കയിൽ പതിവായി മൂത്രമൊഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്‌തിട്ടുണ്ടെന്ന് ഒരു വിവാഹച്ചടങ്ങിൽ വച്ച് കഴിഞ്ഞ മാസം 24നാണ് മുഖ്യപ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ഉപദ്രവിച്ച വിവരമറിഞ്ഞിട്ടും അത് തടയാനോ റിപ്പോർട്ട് ചെയ്യാനോ കേട്ടുനിന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്‌ചയോളം ഇവർ വിവരം മറച്ചുവച്ചു. ആഴ്‌ച ഡ്യൂട്ടി മാറിവന്ന പുതിയ ആയയാണ് കുളിപ്പിക്കുമ്പോൾ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചത്.
സ്വകാര്യ ഭാഗത്തെ മുറിവുകളുടെ കാര്യം അധികൃതരെ അറിയിച്ചതും ഈ ആയയാണ്. പിൻഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്. ക്രൂരമായി മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് തുടർ നടപടി എടുത്തത്. സംഭവത്തിൽ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് മൂന്നുപേരും കുറ്റം സമ്മതിച്ചത്. കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെങ്കിലും ഇടതുരാഷ്ട്രീയ ബന്ധമുള്ള മൂന്നുപേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ നൽകാൻ മ്യൂസിയം പൊലീസ് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |