ഇന്ന് ചെറിയൊരു പനിയുമായി ആശുപത്രിയിൽ പോയാലും കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും ചെലവാകും. അസുഖത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് തുകയും കൂടിക്കൊണ്ടിരിക്കും. ഈ അവസരത്തിലാണ് ഹെൽത്ത് ഇൻഷ്വറൻസ് സഹായത്തിനെത്തുന്നത്. കൊവിഡിനുശേഷം ജനങ്ങൾക്കിടയിൽ ഹെൽത്ത് ഇൻഷ്വറൻസിന് വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നതിന് കാരണവും ഇതുതന്നെയാണ്. ഈ സാഹചര്യം പരമാവധി മുതലാക്കി സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ പ്രീമിയം കുത്തനെ ഉയർത്തുന്നുണ്ട്. എന്നാൽ വെറും 899 രൂപ അടച്ചാൽ വ്യക്തിക്ക് 15 ലക്ഷം രൂപയുടെ കവറേജ് കിട്ടുന്ന ഒരു ആരോഗ്യ ഇൻഷ്വറൻസുണ്ട് നമ്മുടെ നാട്ടിൽ. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കാണ് ഇത്തരത്തിലൊരു പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിക്കുവേണ്ടിയോ, ഫാമിലി പോളിസിയായോ എടുക്കാനുളള സൗകര്യവുമുണ്ട്. ഫാമിലി പോളിസിയാകുമ്പോൾ അംഗങ്ങളുടെ എണ്ണമനുസരിച്ച് പ്രീമിയം കൂടും.
രാജ്യത്തെ തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിൽ അക്കൗണ്ടുള്ളവർക്കാണ് പോളിസി വാങ്ങാൻ അവസരമുള്ളത്. ഇതുകേട്ട് വിഷമിക്കേണ്ട ഇരുനൂറുരൂപ അടച്ചാൽ ആർക്കും ആ നിമിഷം അക്കൗണ്ട് തുറക്കാം. ഉടൻതന്നെ ഇൻഷ്വറൻസും എടുക്കാം. പതിനെട്ടുമുതൽ 60 വയസുവരെയുള്ളവർക്ക് ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാകാം.
പ്ളാനുകൾ അറിയാം
നാലുതരത്തിലുള്ള പോളിസികളാണ് നിലവിലുള്ളത്. വ്യക്തിഗത പോളിസിക്ക് 899 രൂപ. 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഇതിൽ ലഭിക്കുക. ഇനി ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് പോളിസി എടുക്കണമെങ്കിൽ 1,399 ആകും. ഇവർക്കൊപ്പം ഒരുകുട്ടിയെക്കൂടി ഉൾപ്പെടുത്തിയാൽ 1,799 നൽകണം. രണ്ടുകുട്ടികളുണ്ടെങ്കിൽ ഫാമിലി പോളിസി എടുക്കാൻ 2,199 രൂപ നൽകേണ്ടിവരും. അറുപതുവയസിന് മുമ്പ് പോളിസി എടുത്താൽ അവർക്ക് അത് ആജീവനാന്തം തുടർന്നുകൊണ്ടുപോവുകയും ചെയ്യാം.
പോളിസി കാലാവധി ഒരുവർഷമാണ്. പോളിസി എടുത്ത് മുപ്പതുദിവസത്തിനുശേഷം ബാധിക്കുന്ന ഏറക്കുറെ എല്ലാ അസുഖങ്ങൾക്കും കവറേജ് ലഭിക്കും. ചുരുക്കം ചില അസുഖങ്ങൾക്ക് മാത്രമാണ് കൂടുതൽ കാലം കാത്തിരിക്കേണ്ടിവരുന്നത്. നിലവിൽ മറ്റേതെങ്കിലും ഹെൽത്ത് ഇൻഷ്വറൻസ് പോളിസി എടുത്തിട്ടുള്ളവർക്കും ഈ പോളിസി എടുക്കാം. അടുത്തുള്ള പോസ്റ്റാഫീസ് സന്ദർശിച്ചാൽ പദ്ധതിയിൽ ചേരുന്നതിനൊപ്പം ഇൻഷ്വറൻസ് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളും അറിയാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |