കൊല്ലം: കാറോടിച്ചിരുന്ന ഭാര്യയെ മദ്ധ്യവയസ്കൻ പെട്രോളൊഴിച്ച് പച്ചയ്ക്ക് തീകൊളുത്തിക്കൊന്ന സംഭവം നടന്നത് ഇന്നലെ രാത്രി ഒമ്പതുമണിയോടെ കൊല്ലം ചെമ്മാമുക്കിലായിരുന്നു. കൊട്ടിയം തഴുത്തല തുണ്ടിൽ മേലേതിൽ വീട്ടിൽ അനിലയാണ് (44) കൊല്ലപ്പെട്ടത്. കാറിലൊപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റെങ്കിലും ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു.കൊലപാതകശേഷം ഭർത്താവ് പദ്മരാജൻ (55) ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.
ഒരു മനുഷ്യജീവൻ പച്ചയ്ക്ക് കത്തിയമരുന്നത് കൺമുന്നിൽ കണ്ട ഞെട്ടലിലാണ് ദൃക്സാക്ഷികൾ. കഴിയുന്നത്ര ശ്രമിച്ചിട്ടും കാറിലുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്താൻ കഴിയാത്ത വിഷമവും അവർക്കുണ്ട്.
കൊടും ക്രൂരത നേരിൽക്കണ്ട യുവാവിന്റെ വാക്കുകൾ
' കൂട്ടുകാരോട് ജോലിക്കാര്യം പറഞ്ഞിരുന്നപ്പോഴായിരുന്നു സംഭവംകണ്ടത്. ആൾട്ടോ കാറിൽ ഒമ്‌നി വാൻകൊണ്ട് തട്ടുന്നത് കണ്ടു. തട്ടിയ ഉടൻതന്നെ ഒമ്‌നിക്കുള്ളിൽ നിന്ന് പൊതിപോലെ എന്തോ കാറിനുള്ളിലേക്ക് എടുത്തിടുന്നതും കണ്ടു. പൊതി ഇട്ട ഉടൻ വണ്ടി കത്തി. ഒമ്നി ഓടിച്ചിരുന്നയാൾ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയോടി. സംഭവം കണ്ട് ഞങ്ങൾ എത്തുമ്പോഴേക്കും കാറിൽ ഡ്രൈവറുടെ അപ്പുറത്തിരുന്നയാൾ പുറത്തേക്ക് ചാടി. അയാളുടെ ഉടുപ്പ് കത്തിക്കൊണ്ടിരിക്കുകയായിരുന്നു.
വീണയുടൻ അയാൾ ഉരുണ്ടുമാറി. അകത്തൊരാൾ ഉണ്ടെന്ന് അയാൾ പറഞ്ഞുകൊണ്ടിരുന്നു. പപ്പനാ വണ്ടി കത്തിച്ചതെന്നും അയാൾ പറയുന്നുണ്ടായിരുന്നു. ഇതുകേട്ട് കാറിനടുത്തേക്ക് വന്നപ്പോൾ വണ്ടി റേസ് ആയിക്കൊണ്ടിരിക്കുകയായിരുന്നു. കാറിനുള്ളിൽ ഉള്ളത് സ്ത്രീയാണെന്ന് വ്യക്തമായി. അവർ സീറ്റ്ബെൽറ്റ് ധരിച്ചിരുന്നു. സീറ്റ്ബെൽറ്റ് കത്തിമാറിയതോടെ അവരുടെ കൈ രണ്ടും പുറത്തേക്കുവന്നു. ആ സമയം തന്നെ ഞങ്ങൾ പിടിച്ച് പുറത്തേക്കിട്ടു. അപ്പോഴും ശരീരം കത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സ്ത്രീ ഞങ്ങളെ അങ്ങോട്ട് പിടിച്ചുവലിച്ചുകൊണ്ടിരുന്നു. വണ്ടിയുടെ അടുത്ത് വരാൻ പോലും ആകാത്ത അവസ്ഥയായിരുന്നു അപ്പോൾ. കാർ മൂന്നുതവണ പൊട്ടിത്തെറിച്ചു. സ്ത്രീയെ പുറത്തെടുത്തപ്പോൾ തന്നെ എൺപതുശതമാനത്തോളം കത്തിപ്പോയി. ഉടൻതന്നെ ചാക്കെടുത്ത് പൊതിഞ്ഞു. പിന്നീട് പൊലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചുപറഞ്ഞു'.
സാമ്പത്തികവും കുടുംബപരവുമായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം ഒരുമാസം മുൻപ് അനില ബേക്കറി ആരംഭിച്ചിരുന്നു. ഒരാഴ്ചയായി അനിലയുമായി പദ്മരാജൻ പിണക്കത്തിലായിരുന്നു. ബേക്കറി ആരംഭിക്കുന്നതിന് പദ്മരാജനിൽ നിന്ന് ഇരുവരും ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുൻപ് ഹനീഷും പദ്മരാജനുമായി തർക്കമുണ്ടായിരുന്നു. ഇന്നലെ അനില കടപൂട്ടി ഇറങ്ങുന്നത് വരെ കടപ്പാക്കടയിൽ പദ്മരാജൻ ഒമ്‌നിയിൽ കാത്ത് നിന്നു. എന്നാൽ അനിലയുടെ കൂടെ ഹനീഷിന് പകരം കടയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സ്വദേശിയായിരുന്നു ഉണ്ടായിരുന്നത്. അനിലയുടെ കാർ കടപ്പാക്കട എത്തിയത് മുതൽ ഒമ്‌നിയിൽ പിന്തുടർന്നു. ചെമ്മാൻമുക്ക് എത്തിയപ്പോൾ കാറിൽ ഇടിപ്പിച്ചശേഷം അകത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |