വയനാട്: വൈത്തിരി ചുണ്ടേലിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് കണ്ടെത്തൽ. ജീപ്പ് ഓടിച്ചിരുന്ന സുമിൽ ഷാദിനെയും ഇയാളുടെ സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സുമിൽ ഷാദിന് മരിച്ച ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത് പീടിയേക്കൽ അബ്‌ദുൾ നവാസിനോട് (44) വ്യക്തിവൈരാഗ്യമുണ്ടായിരുന്നു എന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.
തിങ്കളാഴ്‌ച രാവിലെ എട്ടരയോടെയാണ് അമ്മാറ - ആനോത്ത് റോഡിൽ ചുണ്ടേൽ എസ്റ്റേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്ന നവാസ് സഞ്ചരിച്ചിരുന്ന ഓട്ടോയും എതിർദിശയിൽ വന്ന ഥാർ ജീപ്പും കൂട്ടിയിടിച്ചത്. വാഹനത്തിരക്ക് വളരെ കുറവായ റോഡിൽ അപകടസാദ്ധ്യത തീരെയില്ലെന്നും ഇത് മനഃപൂർവമുണ്ടാക്കിയ അപകടമാണെന്നും നാട്ടുകാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി നവാസിന്റെ പിതൃസഹോദരൻ കെപി റഷീദ് ആണ് പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മുഖ്യപ്രതി സുമിൽ ഷാദ് സംഭവത്തിന് മുമ്പ് ഒരു മണിക്കൂറോളം സമീപത്ത് നവാസിനെ കാത്ത് ജീപ്പുമായി റോഡിൽ നിന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് വ്യക്തമായി. ഒരു ഫോൺകോൾ ലഭിച്ചതിന് പിന്നാലെയാണ് സുമിൽ ഷാദ് ജീപ്പുമായി മുന്നോട്ടുപോയത്. എതിരെ വന്ന ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സുമിൽ ഷാദിനും പരിക്കേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |