അബുദാബി: ഏറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പ്രവാസ ജീവിതം നയിക്കുന്ന മലയാളിയെ തേടിയെത്തിയത് 25 മില്യൺ ദിർഹമിന്റെ (57 കോടിയിലധികം രൂപ) ഭാഗ്യം. ഷാർജയിൽ സെയിൽസ്‌പേഴ്‌സണായി ജോലി ചെയ്യുന്ന അരവിന്ദ് അപ്പുക്കുട്ടനെ തേടിയാണ് കോടികളുടെ ജാക്ക്‌പോട്ട് എത്തിയത്. ഇന്നലെ നടന്ന ബിക്ക് ടിക്കറ്റ് നറുക്കെടുപ്പിൽ 447363 എന്ന നമ്പർ ടിക്കറ്റിലൂടെ അരവിന്ദ് ഒന്നാം സമ്മാനത്തിന് അർഹനാവുകയായിരുന്നു.
സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെയാണ് അരവിന്ദിനെ തേടി ഭാഗ്യമെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കാറുള്ള താൻ ഇത്തരമൊരു ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുന്നു. 20 ആളുകളുമായി സമ്മാനത്തുക പങ്കുവയ്ക്കേണ്ടതുണ്ടെങ്കിലും ഒന്നാം സമ്മാനം തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അരവിന്ദ്. പണം ബുദ്ധിപരമായി ഉപയോഗിക്കുമെന്നും അരവിന്ദ് വ്യക്തമാക്കി. ലോണുകളെല്ലാം അടച്ചുതീർത്തതിനുശേഷം ബാക്കി തുക ഭാവിയിലേയ്ക്കായി സൂക്ഷിക്കണം. ഒരിക്കലും തളരരുതെന്നും ഭാഗ്യം പരീക്ഷിച്ചുകൊണ്ടേയിരിക്കമെന്നും അരവിന്ദ് പറയുന്നു. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പ് ജേതാവായ പ്രിൻസ് സെബാസ്റ്റ്യനാണ് ഈ മാസത്തെ വിജയിയെ തിരഞ്ഞെടുത്തത്. 20 മില്യൺ ഡോളറാണ് പ്രിൻസിന് സമ്മാനമായി ലഭിച്ചത്.
25 ദിർഹം ഗ്രാൻഡ് പ്രൈസിനൊപ്പം നറുക്കെടുപ്പിലെ 'ഡ്രീം കാർ' ജേതാവിനെയും പ്രഖ്യാപിച്ചു. ബംഗ്ളാദേശുകാരനായ ഹരുൺ റഷീദിനാണ് BMW 840I കാർ സമ്മാനമായി ലഭിച്ചത്. ഗ്രാൻഡ് പ്രൈസിന് പുറമെ നാല് ക്യാഷ് പ്രൈസുകളും പ്രഖ്യാപിച്ചു. മലയാളികളായ അബ്ദുൾ നാസറിന് 100,000 ദിർഹം, ആകാശ് രാജിന് 70,000 ദിർഹം, എം ഡി മെഹെഡിക്ക് 50,000 ദിർഹം, മൊഹമ്മദ് ഹനീഫിന് 30,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനമടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |