റിയാദ്: സൗദി അറേബ്യയിൽ പൗരന്മാരെ അപേക്ഷിച്ച് പ്രവാസികൾക്കാണ് ശാരീരിക പ്രവർത്തന നിരക്ക് കൂടുതലെന്ന് റിപ്പോർട്ട്. സൗദികളല്ലാത്തവരുടെ ശാരീരിക പ്രവർത്തന നിരക്ക് 62.5 ശതമാനമാണ്. സൗദികളുടേത് 54.1 ശതമാനവും. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട 2024 ഫിസിക്കൽ ആക്‌ടിവിറ്റി ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സൗദിയിൽ 18 വയസിന് മുകളിൽ പ്രായമുള്ള 58.5 ശതമാനം പേർ ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിട്ട് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് മുതൽ 17 വയസുവരെ പ്രായമുള്ളവരിൽ 18.7 ശതമാനം പേർ മാത്രമാണ് ദിവസം കുറഞ്ഞത് അര മണിക്കൂർ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന നിർദേശം പാലിക്കുന്നത്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. 23.2 ശതമാനം പുരുഷന്മാർ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ 14 ശതമാനം മാത്രമാണ് സ്ത്രീകളുടെ നിരക്ക്. 30നും 39നും ഇടയിൽ പ്രായമുള്ളവരാണ് പ്രതിവാര കണക്കുകൾ പരിശോധിക്കുമ്പോൾ കൂടുതൽ ശാരീരിക പ്രവൃത്തികൾ ചെയ്യുന്നത്, 62. 6 ശതമാനം. 80 വയസിന് മുകളിൽ പ്രായമുള്ളവരിൽ 12.2 ശതമാനം പേർ മാത്രം ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. സൗദി പൗരന്മാരായ കുട്ടികളെക്കാളും സൗദികളല്ലാത്തവരാണ് കൂടുതലും ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത്. 19.4 ശതമാനമാണ് നിരക്ക്.
റിപ്പോർട്ട് പ്രകാരം യാത്രയ്ക്കായുള്ള സൈക്ളിംഗ്, നടത്തം എന്നിവയാണ് മുതിർന്നവർ ഏറ്റവും കൂടുതലായി ചെയ്യുന്ന ശാരീരിക പ്രവർത്തനം. 56 ശതമാനമാണ് ഇതിന്റെ നിരക്ക്. വിനോദ പ്രവർത്തനങ്ങളുടെ നിരക്ക് 39 ശതമാനവും ജോലി സംബന്ധമായ പ്രവൃത്തികൾ 31 ശതമാനവുമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |