മകനോ, മകളോ വിവാഹപ്രായം ആയാൽ രക്ഷിതാക്കളുടെ മനസിൽ തീയാണ്. അവന് അല്ലെങ്കിൽ അവൾക്ക് നല്ലൊരു കൂട്ടിനെ കണ്ടെത്തുന്നതുവരെ ആ തീ കെടാതെ തുടരും. ഇന്നത്തെ യുവ തലമുറയിൽ വിവാഹത്തോട് താൽപ്പര്യമില്ലാത്തവരുടെ സംഖ്യ കൂടിവരികയാണ്. ജോലി, സ്വാതന്ത്ര്യം തുടങ്ങി പല കാരണങ്ങളും അവരെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു. തൽക്കാലം വിവാഹം വേണ്ടെന്ന് രക്ഷിതാക്കളോട് പറയാനും ഇവർക്ക് മടിയില്ല. ഇന്ത്യയിലെന്നല്ല ലോകത്തിലാകെ ഇതാണ് അവസ്ഥയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, അല്പം വ്യത്യസ്തമാണ് കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിലെ യുവതലമുറയുടെ കാര്യം. തങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതുവരെ വിവാഹം കഴിക്കാൻ ഇവർക്ക് താൽപ്പര്യമില്ല. ലക്ഷ്യങ്ങൾ നേടിയെടുക്കുമ്പോൾ വിവാഹപ്രായം കഴിഞ്ഞെങ്കിൽ അങ്ങ് പോട്ടെ എന്നാണ് ഇവരുടെ മനോഭാവം. പക്ഷേ, വിവാഹം വേണ്ടെന്ന തീരുമാനം രക്ഷിതാക്കളോടും കുടുംബത്തിലെ മറ്റുമുതിർന്നവരോടും പറയാൻ ഇവർക്ക് ധൈര്യമില്ല. മാതാപിതാക്കളുടെ സന്തോഷം കെടുത്തിക്കളയേണ്ട എന്നതാണ് ഇതിനുകാരണമായി പറയുന്നത്. പക്ഷേ, ഇവർ രക്ഷിതാക്കളെ സുന്ദരമായി പറ്റിക്കും. എങ്ങനെയെന്നല്ലേ? കാമുകരെ വാടകയ്‌ക്കെടുത്താണ് പറ്റിപ്പ്. യുവതികളാണ് വാടകയ്‌ക്കെടുപ്പുകാരിൽ കൂടുതൽ.
ജിമ്മൻ വേണോ, ചോക്ലേറ്റ് ബോയി വേണോ
കയ്യിലെ പണത്തിന്റെ വലിപ്പമനുസരിച്ച് ഇഷ്ടപ്പെട്ട കാമുകരെ തിരഞ്ഞെടുക്കാം. ഇത്തരക്കാരെ നൽകാൻ പ്രത്യേക ഏജൻസികളുമുണ്ട്. ചില ഏജൻസികളിൽ ഇരുപതിനായിരത്തിലധികം കാമുകരുടെ സേവനം ലഭിക്കുമത്രേ.ഏങ്ങനെയുള്ള ആളെ വേണമെന്ന് പറഞ്ഞാൽ മാത്രം മതി. കണ്ടാൽ ആരും തെറ്റുപറയാത്തവനെ കാമുകനാക്കാനാണ് യുവതികളിൽ ഒട്ടുമിക്കതിനും താൽപ്പര്യമെന്നാണ് നടത്തുന്ന ഏജൻസി നടത്തിപ്പുകാർ പറയുന്നത്.
പുതുവർഷത്തിൽ കാമുകനെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നതോടെയാണ് വടക്കൻ വിയറ്റ്‌നാമിൽ നിന്നുള്ള മുപ്പതുകാരി മിൻ തു ഏജൻസിയെ സമീപിച്ചത്. കുടുംബചടങ്ങുകളിൽ ഉൾപ്പെടെ പങ്കെടുക്കേണ്ടതിനാൽ സുന്ദരനും ജിമ്മനുമായ ഒരാളെത്തന്നെ തിരഞ്ഞെടുത്തു. അയാളെ കണ്ടതോടെ രക്ഷിതാക്കൾക്ക് സന്തോഷമായെന്നാണ് മിൻ തു പറയുന്നത്. നല്ല ശമ്പളമുള്ള ജോലിയും സൗന്ദര്യവും ഉണ്ടായിട്ടും മകൾ വിവാഹം കഴിക്കാത്തതിൽ മിൻ തുവിന്റെ രക്ഷിതാക്കൾക്ക് കടുത്ത വിഷമമുണ്ടായിരുന്നു. മകളെ വിവാഹം കഴിപ്പിക്കാൻ അവർ രോഗം അഭിനയിക്കാനും തുടങ്ങി. അപ്പോഴാണ് കാമുകനെ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. കാമുകനെ കണ്ട് ഇഷ്ടപ്പെട്ടതോടെ പേരക്കുട്ടിയെ വേണമെന്ന് രക്ഷിതാക്കൾ നിർബന്ധം തുടങ്ങിയെന്നും മിൻ പറയുന്നു.
തന്നെക്കാൾ അഞ്ചുവയസ് അധികമുള്ള ആളെയാണ് മിൻ കാമുകനായി തിരഞ്ഞെടുത്തത്. പക്ഷേ, കാമുകന് വാടക എത്രയായിരുന്നുവെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. പാചക കലയിൽ അടക്കം സ്വാധീനമുള്ളതുകൊണ്ട് വീട്ടുകാർക്ക് കക്ഷിയെ നന്നായി ബോധിച്ചിരിക്കുകയാണ്.
കാമുകന് കല്യാണം വേണ്ട
ചിത്രം സിനിമയിലെന്നപോലെ കുറച്ചുനാൾ അഭിനയിച്ച് കഴിയുമ്പോൾ കാമുകനോട് ഇഷ്ടം തോന്നുകയും അയാളെ ഭർത്താവായി കൂടെക്കൂട്ടാമെന്ന് കരുതിയെങ്കിൽ നടക്കില്ലെന്ന് മാത്രമേ പറയൂ. കാമുകന്മാർക്ക് വിവാഹത്തിന് തീരെ താൽപ്പര്യമില്ല. പണം തന്നെയാണ് കാരണം. കാമുകനായി അഭിനയിക്കുമ്പോൾ നല്ലൊരുതുക ഓരോമാസവും പോക്കറ്റിലെത്തും. വിവാഹം കഴിയുന്നതോടെ അത് എന്നെന്നേക്കുമായി അവസാനിക്കും. ഇതുതന്നെയാണ് വിവാഹത്തിന് ഒരുക്കമല്ലാത്തതിന് കാരണവും.
ഇരുപത്തഞ്ചുകാരനായ തുവാൻ ഒരു വാടക കാമുകനാണ്. ക്ലെയിന്റുകളെ ഇംപ്രസ് ചെയ്യിപ്പിക്കാൻ അയാൾ എന്നും ജിമ്മിൽ പോകുന്നുണ്ട്. മാത്രമല്ല പാചകവും നൃത്തവുമൊക്കെ പഠിക്കുന്നുമുണ്ട്. ഇതിന് നല്ലൊരു തുക ചെലവാകും. മറ്റുജോലിക്കൊന്നും പോകാൻ തീരെ താൽപ്പര്യമില്ല. മറ്റൊരുജോലിക്കും ഇത്രയും ഉയർന്ന വരുമാനം കിട്ടുന്നില്ല എന്നതുതന്നെ കാരണം. വെറുതേ കാമുകനായി അഭിനയിക്കുന്നതിന് ഒരു നിശ്ചിത തുകയും കുടുംബ മീറ്റിംഗുകൾ, ഷോപ്പിംഗ് എന്നിവയ്ക്ക് പോകുന്നതിന് കൂടുതൽ തുകയുമാണ് ഈടാക്കുന്നത്. മീറ്റിംഗൊന്നിന് 5000രൂപയാണ് നൽകേണ്ടത്.
ടച്ചിംഗ് ആവാം, അതുക്കുംമേലെ വേണ്ട
കാമുകനെ വാടകയ്ക്ക് എടുക്കുമ്പോൾ ചില സമ്മതപത്രങ്ങളിൽ ഇരുവരും ഒപ്പുവയ്ക്കണം. ലൈംഗികത പാടില്ലെന്നതാണ് ഇതിൽ മുഖ്യം. ഇക്കാര്യത്തിൽ പരസ്പരം നിർബന്ധിക്കാനോ ബലം പ്രയോഗിക്കാനോ പാടില്ല. കെട്ടിപ്പിടിത്തവും, ചുംബനവുമൊക്കെ അവശ്യഘട്ടത്തിൽ ആവാം. അതിനുമേലെയുള്ള ഒന്നും വേണ്ട. അഭിനയിക്കുമ്പോൾ വൈകാരികമായ അടുപ്പം തോന്നാനായി വാടകയ്ക്ക് എടുക്കുന്ന ആളുടെ കുടുംബ ചരിത്രം പഠിക്കാറുണ്ട്.
കാര്യങ്ങൾ രസകരമാണെങ്കിലും സമൂഹത്തിന്റെ പിഴച്ച പോക്കാണിതെന്നാണ് വിഗദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം വാടക കാമുകരെ തിരഞ്ഞെടുക്കുന്നതിന് ഒരു നിയമപരിരക്ഷയും കിട്ടില്ല. അതുകൊണ്ട് കാമുകരുടെ പക്കൽനിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകൾ മാത്രമായിരിക്കും. നിരവധിപേരാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഇരയാവുന്നത്. മാത്രമല്ല അഭിനയം രക്ഷിതാക്കൾ കണ്ടുപിടിക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസികാഘാതം വളരെ വലുതായിരിക്കും. താങ്ങാനാവാതെ ചിലപ്പോൾ അവർ മരണത്തിന് കീഴടങ്ങിയെന്നും വന്നേക്കാം. അതിനാൽ വളരെ ശ്രദ്ധയോടെ വേണം ഇക്കാര്യങ്ങളിൽ ഇടപെടാനെന്നും അവർ ഓർമ്മിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |