#ധനസഹായത്തിൽ തീരുമാനം ഉടൻ
ന്യൂഡൽഹി: വയനാട്ടിൽ നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമെന്ന് സ്ഥലം സന്ദർശിച്ച കേന്ദ്ര മന്ത്രാലയങ്ങളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സഹായം അനുവദിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള 23 എം.പിമാർ അമിത് ഷായെ നേരിൽകണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. എത്ര തുക ലഭിക്കുമെന്ന് വ്യക്തമാക്കിയില്ല.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയിൽ ഹാരിസ് ബീരാൻ, രൺദീപ് സുർജെവാല എന്നിവരെ അറിയിച്ചു.
അതിതീവ്ര ദുരന്തമായാൽ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്ന് അധിക സാമ്പത്തിക സഹായത്തിന് മാത്രമാണ് അർഹതയെന്ന് നിത്യാനന്ദ റായി വ്യക്തമാക്കി.
കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, ഹൈബി ഈഡൻ, ബെന്നി ബെഹ‌്‌നാൻ, ഡീൻ കുര്യാക്കോസ്, അടൂർ പ്രകാശ്, ആന്റോ ആന്റണി, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്‌ദുസമദ് സമദാനി, പി.വി. അബ്‌ദുൾ വഹാബ്, ഹാരിസ് ബീരാൻ, എൻ.കെ.പ്രേമചന്ദ്രൻ, കെ.രാധാകൃഷ്‌ണൻ, ജോൺ ബ്രിട്ടാസ്, ഡോ. വി.ശിവദാസൻ, എ.എ. റഹീം, പി.പി. സുനീർ, ജോസ്.കെ. മാണി, ഫ്രാൻസിസ് ജോർജ് എന്നിവരാണ് പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.
2219 കോടി ലഭിക്കില്ല
1.എൻ.ഡി.ആർ.എഫിൽ നിന്നും എസ്.ഡി.ആർ.എഫിൽ നിന്നും നഷ്ടപരിഹാരം ലഭിക്കില്ലെന്ന് സഹമന്ത്രി നിത്യാനന്ദ റായി വിശദീകരിച്ചു. ദുരിതാശ്വാസത്തിനുള്ള ധനസഹായം മാത്രമാണ് നൽകുന്നത്. നഷ്ടപരിഹാരം അടക്കം 2219.033 കോടി സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മറുപടി.ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്നാണ് സൂചന.
2. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള 36 കോടി രൂപ അടക്കം എൻ.ഡി.ആർ.എഫിന് കീഴിൽ 214.68 കോടി രൂപയുടെ താത്‌കാലിക സഹായം സംസ്ഥാനം തേടിയിരുന്നു. എന്നാൽ, 153.47 കോടി രൂപയാണ് അന്ന് അനുവദിച്ചത്. അത് ഈ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു.
''ദുരന്തബാധിതർ സർവ്വതും നഷ്ടപ്പെട്ടവരാണ്. കേന്ദ്രം ഒന്നും ചെയ്യാതിരിക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. എത്രയും പെട്ടെന്ന് ധനസഹായം അനുവദിക്കണം
-പ്രിയങ്ക ഗാന്ധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |