കൊച്ചി: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യ മൈക്രോ ആൽഗെ അധിഷ്ഠിത ലിക്വിഡ് ട്രീ കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) ആസ്ഥാനത്ത് സ്ഥാപിച്ചു. ഉയർന്നു വരുന്ന അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിന് ഏറെ ഉപയോഗപ്രദമാണ് ലിക്വിഡ് ട്രീ. ലോ കാർബൺ സൊല്യൂഷൻസ് എന്ന ക്ലൈമറ്റ് ടെക് കമ്പനി, കുഫോസുമായി സഹകരിച്ചാണ് ലിക്വിഡ് ട്രീ വികസിപ്പിച്ചത്. ലിക്വിഡ് ട്രീയുടെ ഉദ്ഘാടനം കുഫോസ് വൈസ് ചാൻസലർ ഡോ.പ്രദീപ് കുമാർ നിർവഹിച്ചു. കുഫോസ് രജിസ്ട്രാർ ഡോ.കെ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ലോ കാർബൺ സൊല്യൂഷൻസ് സി.ഇ.ഒയും സ്ഥാപകനുമായ വി.കെ.ലതീഷ്, കൈരളി അഗ്രികൾച്ചർ എം.എസ്.സി.എസ് ലിമിറ്റഡ് ചെയർമാൻ കെ.വി അശോകൻ തുടങ്ങിയവർ സംസാരിച്ചു.
അന്തരീക്ഷ മലിനീകരണം ചെറുക്കും
ബയോടെക്‌നോളജിയും ക്രിയേറ്റീവ് ഡിസൈനും സംയോജിപ്പിച്ച് തയ്യാറാക്കിയിരിക്കുന്ന ലിക്വിഡ് ട്രീ നഗര വായു ഗുണനിലവാരം ഉയർത്താൻ ഏറെ സഹായകമാണ്. വരും കാലഘട്ടങ്ങളിൽ ഏറെ വികസന സാദ്ധ്യതയുള്ള സാങ്കേതിക വിദ്യയാണ് ലിക്വിഡ് ട്രീ.
പൂർണ വളർച്ച പ്രാപിച്ച പത്ത് മരങ്ങൾ ചെയ്യുന്ന പ്രവർത്തനത്തിന് തുല്യമാണ് ലിക്വിഡ് ട്രീ ചെയ്യുന്ന പ്രവർത്തനം.
ഉയർന്ന അളവിൽ കാർബൺ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുകയും ഓക്‌സിജൻ പുറത്തുവിടുകയും ചെയ്യുന്നു.
നഗരപ്രദേശങ്ങളിൽ ഹരിത ഇടം കുറയുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ സാഹചര്യം കുറയ്ക്കുന്നതിന് ലിക്വിഡ് ട്രീ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയും ലോ കാർബൺ സൊല്യൂഷൻസും ചേർന്ന് നടപ്പിലാക്കുന്ന കാർബൺ ക്രെഡിറ്റ് പ്രൊജക്ടിന് പുറമേ നൂതനമായ മറ്റൊരു പ്രൊജക്ടാണ് ലിക്വിഡ് ട്രീ. ഇത് ഒരു പ്രോട്ടോടൈപ്പ് മാത്രമല്ല, നഗര സുസ്ഥിരതയുടെ ഭാവിയിലേക്കുള്ള ഒരു നേർക്കാഴ്ചയാണ്
കെ.വി.അശോകൻ
ചെയർമാൻ
കൈരളി അഗ്രികൾച്ചർ എം.എസ്.സി.എസ് ലിമിറ്റഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |