കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്നും ഇന്ത്യൻ ഓഹരികൾ മികച്ച മുന്നേറ്റം നടത്തുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് തുടരുന്നു. തുടർച്ചയായ നാലാം ദിവസമാണ് സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കിയത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള ത്രൈമാസത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 5.4 ശതമാനത്തിലേക്ക് മൂക്കുകുത്തിയ വാർത്തകൾ അവഗണിച്ചും ഓഹരികൾ കുതിക്കുകയാണ്.
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാര ഇടപാടുകളിൽ ഡോളർ ഉപയോഗിക്കാത്ത രാജ്യങ്ങൾക്ക് നൂറ് ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി ഉയർത്തിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിക്കുകയാണ്. ഇതോടെ രൂപയുടെ മൂല്യം തുടർച്ചയായ അഞ്ചാം ദിവസവും റെക്കാഡുകൾ പുതുക്കി താഴേക്ക് നീങ്ങി. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് പൈസ നഷ്‌ടവുമായി 84.74ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്കിംഗ് ഓഹരികൾക്ക് നേട്ടം
സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ വാണിജ്യ ബാങ്കുകളുടെ കരുതൽ ധന അനുപാതം(സി.ആർ.ആർ) കുറച്ചേക്കുമെന്ന വാർത്തകളാണ് ഓഹരി വിപണിയിൽ ആവേശം സൃഷ്‌ടിച്ചത്. ഇതോടെ പൊതു മേഖല ബാങ്കുകളുടെ ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചു.
ഇന്നലെ സെൻസെക്‌സ് 110.58 പോയിന്റ് ഉയർന്ന് 80,956.33ൽ എത്തി. നിഫ്‌റ്റി 10.3 പോയിന്റ് 24,467.45ൽ അവസാനിച്ചു. ബാങ്കിംഗ് ഓഹരികളാണ് ഇന്നലെ മികച്ച നേട്ടമുണ്ടാക്കിയത്.
കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിനാൻസ്,കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെഡറൽ ബാങ്ക്, കിറ്റക്സ് ഗാർമെന്റ്‌സ്, വണ്ടർല ഹോളിഡേയ്സ്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയുടെ ഓഹരി വിലകളിലും മുന്നേറ്റമുണ്ടായി. ഫെഡറൽ ബാങ്കിന്റെ ഓഹരി വില ഇന്നലെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന തലമായ 216 രൂപയിലെത്തി. ബാങ്കിന്റെ വിപണി മൂല്യവും 52,000 കോടി രൂപ കവിഞ്ഞു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ മികച്ച പ്രവർത്തന ലാഭം നേടിയതിന് ശേഷം പ്രതികൂല സാഹചര്യത്തിലും ഫെഡറൽ ബാങ്കിന്റെ ഓഹരി വില തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി വില 2,000 രൂപയിലേക്ക് അടുക്കുന്നു. ഒരു മാസം മുൻപ് കനത്ത വിലത്തകർച്ച നേരിട്ട കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരികളും മുന്നേറ്റ പാതയിലേക്ക് മടങ്ങിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |