ലാ ലിഗയിൽ ബാഴ്സലോണ 5-1ന് മയ്യോർക്കയെ തോൽപ്പിച്ചു
ബാഴ്സ നാലുപോയിന്റിന് റയലിനേക്കാൾ മുന്നിൽ
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗയിൽ വിജയമകന്നുനിന്ന മത്സരങ്ങൾക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തി ബാഴ്സലോണ ഫുട്ബാൾ ക്ളബ്. കഴിഞ്ഞരാത്രി മയ്യോർക്കയ്ക്ക് എതിരെ 5-1ന് ജയിച്ച ബാഴ്സ പോയിന്റ് പട്ടികയിൽ രണ്ടുമത്സരം കുറച്ചുകളിച്ച റയൽ മാഡ്രിഡിനേക്കാൾ നാലുപോയിന്റ് മുന്നിലെത്തി.
ആദ്യ പകുതിയിൽ 1-1ന് സമനിലയിലായിരുന്ന ബാഴ്സ രണ്ടാം പകുതിയിലാണ് നാലുഗോളുകൾ കൂടി നേടി കളി വരുതിയിലാക്കിയത്.ഇരട്ട ഗോളുകൾ നേടിയ നായകൻ റഫീഞ്ഞയാണ് ബാഴ്സയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചത്. മയ്യോർക്കയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 12-ാം മിനിട്ടിൽ ഫെറാൻ ടോറസിന്റെ ഗോളിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. 43-ാം മിനിട്ടിൽ വെദാത്ത് മുറിഖിയിലൂടെ മയ്യോർക്ക സമനില പിടിച്ചു. 56-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ റഫീഞ്ഞ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. 74-ാം മിനിട്ടിൽ ലാമിൻ യമാലിന്റെ പാസിൽ നിന്ന് അടുത്ത ഗോളും നേടി. 79-ാം മിനിട്ടിൽ ഫ്രാങ്ക് ഡി യോംഗും 84-ാം മിനിട്ടിൽ പൗ വിക്ടറും ചേർന്ന് പട്ടിക പൂർത്തിയാക്കി.
ഈ വിജയത്തോടെ ബാഴ്സയ്ക്ക് 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റായി. 14 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. 15 കളികളിൽ നിന്ന് 32 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതുണ്ട്.
ലാ ലിഗയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ബാഴ്സയ്ക്ക് ജയിക്കാനായിരുന്നില്ല.
നവംബർ 11ന് റയൽ സോസിഡാഡുമായി 0-1ന് തോറ്റിരുന്നു.
നവംബർ 24ന് സെൽറ്റ വിഗോയുമായി 2-2ന് സമനിലയിൽ പിരിഞ്ഞു.
നവംബർ 30ന് ലാസ് പാമാസിൽ നിന്നും 2-1ന്റെ തോൽവി ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |