ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ എട്ടാം റൗണ്ടിലും സമനില
ഗുകേഷിനും ഡിംഗ് ലിറെനും 4 പോയിന്റ് വീതം
സിംഗപ്പൂരിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷും നിലവിലെ ലോക ചാമ്പ്യനായ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറെനും തമ്മിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിന്റെ എട്ടാം റൗണ്ട് മത്സരവും സമനിലയിൽ പിരിഞ്ഞു.51-ാം നീക്കത്തിലാണ് ഇരുവരും സമനില സമ്മതിച്ചത്. ഈ ചാമ്പ്യൻഷിപ്പിലെ ആറാമത്തേയും തുടർച്ചയായ അഞ്ചാമത്തേയും സമനിലയാണിത്. ഇരുവരും ഓരോ മത്സരം ജയിക്കുകയും ചെയ്തിട്ടുണ്ട്. നാലുപോയിന്റ് വീതമാണ് ലിറെനും ഗുകേഷിനുമുള്ളത്. ഇനി ആറു റൗണ്ട് പോരാട്ടങ്ങളാണ് ശേഷിക്കുന്നത്. 14 റൗണ്ടുകളിൽ ആദ്യം ഏഴര പോയിന്റിലെത്തുന്ന താരത്തിന് കിരീടം നേടാം.
ഇന്നലെ കറുത്തകരുക്കളുമായാണ് ഗുകേഷ് കളിക്കാനിരുന്നത്. ഏഴാം റൗണ്ടിൽ വെള്ളക്കരുക്കളുമായി മുൻതൂക്കമുണ്ടായിട്ടും സമനില വഴങ്ങേണ്ടിവന്ന ഗുകേഷിന് എട്ടാം റൗണ്ടിന്റെ തുടക്കത്തിലും നേരിയ മുൻതൂക്കം നേടാനായി. ഡിംഗ് ഇംഗ്ളീഷ് ഓപ്പണിംഗാണ് അവലംബിച്ചത്. എട്ടാം നീക്കത്തിൽ ഡിംഗും പത്താം നീക്കത്തിൽ ഗുകേഷും കാസ്‌ലിംഗ് നടത്തി രാജാവിനെ സുരക്ഷിതനാക്കിയിരുന്നു.മുൻ ലോക ചാമ്പ്യൻ വ്ളാദിമിർ ക്രാംനിക്ക് അലക്സി ഷിറോവിനെതിരെ പ്രയോഗിച്ച ലൈനിലാണ് കളി പുരോഗമിച്ചത്. ചില ദുർബലമായി നീക്കങ്ങൾകൊണ്ട് ആദ്യ ഘട്ടത്തിലെ സമയലാഭം ഗുകേഷ് നഷ്‌ടമാക്കിയപ്പോഴാണ് ലിറെൻ മത്സരത്തിലേക്ക് തിരിച്ചുവന്നത്. സ്റ്റോക്ക് ഫിഷ്പോലുള്ള ചെസ് എഞ്ചിനുകൾ അപ്പോൾ ലിറെന് വിജയസാദ്ധ്യതയാണ് കാണിച്ചിരുന്നത്. എന്നാൽ മാറിമറിഞ്ഞ മുൻതൂക്കങ്ങൾക്കൊടുവിൽ 51 -ാം നീക്കത്തിൽ കളി സമനിലയിലായി.
ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടര മുതൽ ഒൻപതാം റൗണ്ട് മത്സരം നടക്കും. ഗുകേഷ് വെള്ളക്കരുക്കളുമായാണ് ഇന്ന് കളിക്കാനിറങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |