കൊച്ചി: കാത്തിരിപ്പിനു വിരാമമിട്ട് പൊന്നുരുന്നി മാർഷലിംഗ് യാർഡിന്റെ വികസനം കേന്ദ്ര പരിഗണനയിലേക്ക്. യാർഡ് വികസനം ചർച്ച ചെയ്യാൻ വിശദാംശങ്ങളുൾപ്പെടെ, ഭൂരേഖയുമായി എത്താൻ ഹൈബി ഈഡൻ എം.പിക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ക്ഷണം ലഭിച്ചു. മാർഷലിംഗ് യാർഡിൽ റെയിൽവേ ടെർമിനൽ സ്ഥാപിക്കണമെന്ന ലോക്‌സഭയിലെ ആവശ്യത്തെ തുടർന്നാണ് നടപടി.
പൊന്നുരുന്നിയിൽ 110 ഏക്കർ സ്ഥലം റെയിൽവേയുടെ ഉടമസ്ഥതയിലുണ്ടെന്നും 50000 കോടിയിലധികം രൂപ വില വരുന്ന ഈ ഭൂമിയാണ് വിനിയോഗിക്കാതെ കിടക്കുന്നും അറിയിച്ചിരുന്നു. 50 ലക്ഷം രൂപയോളമാണ് ഒരു സെന്റിന്റെ പ്രദേശത്തെ വില.
മൾട്ടി മോഡൽ ട്രാൻസ്പോർട്ടേഷൻ ഹബാവും
മാർഷലിംഗ് യാർഡ് കൊച്ചി മെട്രോ സ്റ്റേഷൻ, കൊച്ചി വാട്ടർ മെട്രോ സ്റ്റേഷൻ, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയ്ക്ക് വളരെയടുത്താണ്. അതിനാൽ മൾട്ടി മോഡൽ ട്രാൻസ്പോർട്ടേഷൻ ഹബായി വികസിപ്പിക്കാനാകും. റെയിൽവേ വികസന പദ്ധതികൾ നേരിടുന്ന മുഖ്യ പ്രശ്‌നം സ്ഥലത്തിന്റെ ലഭ്യതക്കുറവാണെന്ന വസ്തുതകൾ സംബന്ധിച്ച ചർച്ചകൾക്കിടെയാണ് പദ്ധതി ചർച്ചയാകുന്നത്. ഇതോടെ ഒരു ഏകീകൃത ടിക്കറ്റ് സംവിധാനത്തിലൂടെ ട്രെയിനിലും മെട്രോയിലും വാട്ടർ മെട്രോയിലും ബസിലും യാത്ര ചെയ്യാനാകുമെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി.
പൊന്നുരുന്നി മാർഷലിംഗ് യാർഡ്
ഗുഡ്സ് ഷെഡും കോച്ചുകളുടെ അറ്റകുറ്റപ്പണി കേന്ദ്രവുമാണ് ഇവിടുള്ളത്. അന്തർദേശിയ നിലവാരത്തിലുള്ള റെയിൽവെ സ്റ്റേഷനായി പൊന്നുരുന്നിയിലെ മാർഷലിംഗ് യാർഡിനെ മാറ്റാനാകും. കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ദക്ഷിണ റെയിൽവേയ്ക്ക് സമർപ്പിച്ചിരുന്നു. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാം. നാല് പ്ലാറ്റുഫോമുകൾ, രണ്ട് പാഴ്‌സൽ ലൈനുകൾ, ഒരു പിറ്റ് ലൈൻ, രണ്ട് സ്റ്റേബിളിംഗ് ലൈനുകൾ, വാഗൺ എക്സാമിനേഷൻ ലൈൻ തുടങ്ങിയവയാണ് നിർദ്ദേശിക്കുന്നത്. പ്ലാറ്റ്ഫോമുകളുടെ എണ്ണവും വർദ്ധിപ്പിക്കാം. സ്റ്റേഷൻ വികസനത്തിന് 325 കോടി ഉൾപ്പെടെ ആകെ 1654 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷ. ഇതിൽ സ്റ്റേഷൻ, യാർഡ്, റെസിഡൻഷ്യൽ യൂണിറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉണ്ടാകും.
പുതിയ റെയിൽവേ ടെർമിനൽ സ്ഥാപിക്കപ്പെട്ടാൽ അതിലൂടെ മൾട്ടി മോഡൽ ട്രാൻസ്പോർട്ടേഷൻ ഹബിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കൂടിയാണ് യാഥാർത്ഥ്യമാവുക
ഹൈബി ഈഡൻ
എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |