ന്യൂഡൽഹി : അമൃത്‌സറിലെ സുവർണക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ വീൽചെയറിൽ ഇരിക്കുകയായിരുന്ന ശിരോമണി അകാലി ദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിന് നേർക്ക് വെടിവയ്പ്. അനുയായികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടലിലൂടെ തലനാരിഴയ്‌ക്ക് ബാദൽ രക്ഷപ്പെട്ടു.
ഖാലിസ്ഥാൻ മുൻ ഭീകരൻ നാരായൺ സിംഗ് ചൗരയാണ് നിറയൊഴിച്ചതെന്ന് പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. അക്രമി രണ്ടുദിവസമായി ക്ഷേത്ര പരിസരത്തുണ്ടായിരുന്നതായ അഡിഷണൽ ഡി.സി.പി ഹർപൽ സിംഗ് പറഞ്ഞു. ഇന്നലെ സുവർണക്ഷേത്രത്തിൽ പ്രാർത്ഥിച്ചശേഷമാണ് അക്രമി ബാദലിന് നേർക്ക് വെടിയുതിർത്തത്.
അക്രമത്തെ അപലപിച്ച മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ, പഞ്ചാബിനെയും പഞ്ചാബികളെയും അപമാനിക്കാനുള്ള ഗൂഢാലോചന തകർന്നുവെന്ന് പ്രതികരിച്ചു.
സംഭവമറിഞ്ഞ് സുഖ്ബീർ സിംഗ് ബാദലിന്റെ ഭാര്യയും എം.പിയുമായ ഹർസിമ്രത് കൗർ സുവർണ ക്ഷേത്രത്തിലെത്തി. പഞ്ചാബിനെ വീണ്ടും സംഘർഷങ്ങളിലേക്ക് തള്ളിവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വധശ്രമമെന്ന് ശിരോമണി അകാലി ദൾ നേതാവ് ദൽജിത് സിംഗ് ചീമ ആരോപിച്ചു.
മതശിക്ഷ അനുഭവിക്കുന്നതിനിടെ
പഞ്ചാബ് ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് ബാദൽ സിഖ് മതവിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്‌തെന്ന് പുരോഹിതരുടെ അധികാരകേന്ദ്രമായ അകാൽ തഖ്ത് കണ്ടെത്തിയിരുന്നു. കൊലപാതക - ബലാത്സംഗ ആരോപണങ്ങൾ നേരിടുന്ന ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിനെ സഹായിച്ചെന്നാണ് കുറ്റം. സുവർണ ക്ഷേത്ര പരിസരത്ത് സന്നദ്ധപ്രവർത്തകന്റെ വേഷം ധരിച്ച്, ഗുരുകീർത്തനങ്ങൾ എഴുതിയ പ്ലക്കാർഡ് കഴുത്തിൽതൂക്കി സേവനം ചെയ്യണമെന്ന് ശിക്ഷയും വിധിച്ചു. ഈ മതശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുളിമുറികൾ വൃത്തിയാക്കണമെന്നും, പാത്രങ്ങൾ കഴുകണമെന്നും ശിക്ഷയിൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |