ലോക്‌സഭയിൽ കേവലഭൂരിപക്ഷമില്ലാത്തതിനാൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെയും ആശ്രയിക്കുന്ന ബി.ജെ.പി എൻ.ഡി.എയ്‌ക്കു പുറത്ത് മറ്റൊരു പങ്കാളിയായി തൃണമൂൽ കോൺഗ്രസിനെ അടുപ്പിച്ചു നിറുത്താൻ നീക്കം. കേന്ദ്ര സർക്കാരിന് തൃണമൂൽ നേതാവ് മമതയോടുള്ള പരിഗണനയും അവർ 'ഇന്ത്യ' മുന്നണിയിൽ കാട്ടുന്ന മുറുമുറുപ്പും ഇതിനോട് ചേർത്തുവായിക്കാം. രണ്ടാം മോദി സർക്കാരിൽ പാർലമെന്റിൽ പ്രധാന ബില്ലുകൾ പാസാക്കാനും ചർച്ചകളിൽ പിന്തുണയ്‌ക്കാനും എൻ.ഡി.എയുടെ ഔദ്യോഗിക സഖ്യകക്ഷികൾക്ക് പുറമെ നവീൻ പട്നായിക്കിന്റെ ബി.ജെ.ഡിയുടെ സഹായം ലഭിച്ചിരുന്നു. ഒഡീഷയിൽ അടക്കം വഴി പിരിഞ്ഞതോടെ ബി.ജെ.ഡിയുമായി പഴയ ബന്ധമില്ലാത്തതിനാൽ തൃണമൂലിലൂടെ പുതിയ സഹായിയെ കണ്ടെത്തുകയാണ് ലക്ഷ്യം.
ലോക്‌സഭയിൽ 29ഉം രാജ്യസഭയിൽ 12ഉം അംഗങ്ങളുള്ള തൃണമൂൽ നിർണായക അവസരങ്ങളിൽ പിന്തുണച്ചില്ലെങ്കിലും ബി.എസ്.പിയും വൈ.എസ്.ആർ കോൺഗ്രസും ചെയ്യുന്നത് പോലെ വാക്കൗട്ട് നടത്തിയാൽ പോലും ബി.ജെ.പിക്കും കേന്ദ്രസർക്കാരിനും സഹായകമാകും. മറുകണ്ടം ചാടുന്ന സ്വഭാവമുള്ള ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും എത്രകണ്ട് വിശ്വാസിക്കാമെന്ന് ബി.ജെ.പിക്കുറപ്പില്ല. ഇതു കണക്കിലെടുത്തുള്ള 'പ്ളാൻ ബി' ആയി തൃണമൂൽ കോൺഗ്രസിനെ അടുത്തു നിറുത്താൻ ബി.ജെ.പി ആഗ്രഹിക്കുന്നു. അതിനാൽ ബംഗാളിൽ ശത്രുപക്ഷത്താണെങ്കിലും ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
അഭിഷേക് ബാനർജി അടക്കം തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ അഴിമതിക്കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ പഴയ താത്‌പര്യം കാണിക്കാത്തതും മാറിയ സാഹചര്യത്തിലാണ്. മമതയെ പ്രതിരോധത്തിലാക്കിയ ആർ.ജി കർ മാനഭംഗ കൊലപാതക കേസിലും ബി.ജെ.പിയും കേന്ദ്രസർക്കാരും പഴയ താത്‌പര്യം കാണിക്കുന്നില്ല. സംസ്ഥാന സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരയുടെ മാതാപിതാക്കളെ കാണാതെ മടങ്ങിയതും വാർത്തയായിരുന്നു.
മമതയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരുമായുള്ള തർക്കം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം ആറ് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്‌ത ചടങ്ങിൽ ഗവർണർ സി.വി. ആനന്ദബോസ് പങ്കെടുത്തതും ഡൽഹിയിൽ നിന്നുള്ള സന്ദേശം അനുസരിച്ചാണെന്ന വിവരമുണ്ട്. നേരത്തെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ രാജ്ഭവനും സംസ്ഥാന സർക്കാരും നിരന്തരം ഉടക്കിയിരുന്നു. സർക്കാരിനെതിരെ ഗവർണർ രാഷ്‌ട്രപതിക്ക് പരാതി നൽകിയ സംഭവവുമുണ്ടായി. വൈസ് ചാൻസലർമാരുടെ നിയമനം തുടങ്ങി നിരവധി വിഷയങ്ങളിൽ ബോസിനെതിരെയായിരുന്നു സംസ്ഥാന സർക്കാർ.
എന്നാൽ നവംബർ 23ന് ഗവർണർ പദത്തിൽ രണ്ട് വർഷം തികച്ച ആനന്ദബോസ് മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ചു. ഗവർണറെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച മമത മധുരപലഹാരങ്ങളും പഴങ്ങളും അയച്ച് സൗഹൃദസന്ദേശം നൽകി. തുടർന്നാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ പങ്കെടുത്തത്. പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെ അദാനി വിഷയം ഉയർത്തി പ്രതിരോധത്തിലാക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് വിട്ടു നിന്നത് വ്യാപക ചർച്ചയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലുംകോൺഗ്രസിനെതിരെ പരസ്യമായ നിലപാടെടുത്ത മമത പരോക്ഷമായി ബി.ജെ.പിയെ സഹായിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |