ഹെെദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ റിലീസിനോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ഹെെദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് മരിച്ചത് (39). ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കിനും (7) ഒപ്പമാണ് സന്ധ്യ തീയേറ്ററിൽ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്.
തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. രേവതിയുടെ ഒപ്പം ഉണ്ടായിരുന്ന മകൻ തേജുവും ബോധം കെട്ട് വീണു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തേജിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. പരിക്കേറ്റ രേവതിയുടെ ഭർത്താവ് ഭാസ്കറും മകൾ സാൻവിയും ചികിത്സയിലാണ്. പ്രീമിയർ ഷോയ്ക്കെത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. രാത്രി 11 മണിക്കായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നത്. പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതറിഞ്ഞ ആളുകൾ കൂട്ടത്തോടെ തിയേറ്ററിലേക്ക് എത്തുകയായിരുന്നു.
ഇതിനിടെ പുഷ്പ 2വിന്റെ റിലീസ് സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ച നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ ഉർവശി തിയേറ്രറിൽ ഇന്നലെ രാത്രി ഷോയ്‌ക്കിടെയാണ് സംഭവം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |