സോൾ: ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോംഗ് ഹ്യുൻ രാജിവച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് യൂൻ സുക് യോൾ പട്ടാള ഭരണം ഏർപ്പെടുത്തുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം. കിം യോംഗ് ഹ്യുന്റെ രാജി പ്രസിഡന്റ് അംഗീകരിച്ചു. പിന്നാലെ സൗദി അറേബ്യയിലെ അംബാസഡർ ചോയ് ബ്യുംഗ് ഹ്യുക്കിനെ പുതിയ മന്ത്രി സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്തതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഏവരെയും ഞെട്ടിച്ച് ദേശീയ ടെലിവിഷനിലൂടെ യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത്. ഇതോടെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും സൈന്യം നിരോധിച്ചു. എന്നാൽ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ നിയമം പിൻവലിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂൻ പട്ടാള നിയമം ഏർപ്പെടുത്തിയത്.
പിന്നാലെ രാജ്യത്ത് ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. യൂനിന്റെ രാജിക്കായി വിദ്യാർത്ഥികളടക്കം തെരുവിലിറങ്ങി. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. രണ്ട് മണിക്കൂറിനുള്ളിൽ നിയമം തടയുന്ന പ്രമേയം പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ പാസാക്കി. നിയമം അസാധുവാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചു. തങ്ങളെ അറിയിക്കാതെയുള്ള യൂനിന്റെ പ്രഖ്യാപനം ഭരണപക്ഷത്തും കടുത്ത അമർഷമുണ്ടാക്കി. ഇതോടെ നിയമം റദ്ദാക്കാൻ നിർബന്ധിതനായ യൂൻ പാർലമെന്റിനെ വളഞ്ഞിരുന്ന സൈന്യത്തെയും പിൻവലിച്ചു. 1980ന് ശേഷം ആദ്യമായിട്ടാണ് ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |