പൗരാണിക ഈജിപ്തിന്റെ കൊടിയടയാളമാണ് പിരമിഡുകൾ. ലോകാത്ഭുതങ്ങളിൽ ഒന്ന്. പുരാവസ്തുഗവേഷകരെയും ചരിത്രകാരൻമാരെയും എല്ലാക്കാലത്തും പിരമിഡുകൾ ആകർഷിക്കുന്നു. ഗിസയിലെ പിരമിഡുകൾ മുതൽ അനേകം പിരമിഡുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് പിരമിഡുകൾ കാണാൻ ഈജിപ്തിലേക്ക് എത്തുന്നത്.
പിരമിഡുകളുടെ നിർമാണം ചരിത്രത്തിലെ വലിയ ചർച്ചകൾക്കുള്ള വിഷയമായിരുന്നു. ഏകദേശം 4500 വർഷങ്ങൾ മുൻപൊക്കെ ഇത്രയും വലിയ മഹാസൃഷ്ടികൾ സാദ്ധ്യമാക്കാൻ എങ്ങനെ ഈജിപ്തുകാർക്ക് സാധിച്ചു എന്നുള്ളതായിരുന്നു ഒരു പ്രധാനചോദ്യം.
ക്രിസ്തുവിനുമുമ്പ് 2630ലാണ് പിരമിഡുകളുടെ നിർമ്മാണമാരംഭിച്ചത്. അന്നത്തെ ഭരണാധിപൻമാരായിരുന്ന ഫറവോമാരുടെ കാലഘട്ടമായിരുന്നത്. ബി.സി. 5000 മുതൽ ബി.സി. വരെ 332 വരെ ഈജിപ്‌ത് ഭരിച്ചിരുന്നത് ഫറവോ രാജവംശമാണ്. 2500 മുതൽ എൺപതിനായിരം വരെ കിലോ ഭാരമുള്ള ഇരുപത്തിമൂന്നു ലക്ഷത്തിൽപരം കല്ലുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഓരോ കല്ലിനും 15, 20 അടി നീളമുണ്ടാകും.
ഇത്തരത്തിലുള്ള കല്ലുകൾ എന്തിനാണ് ഉപരിഭാഗത്തും അടുക്കി വച്ചത് എന്നതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുയാണ് പ്രമുഖ ആർക്കിടെക്‌ട് സുരേഷ് മഠത്തിൽ വളപ്പിൽ. ഈജിപ്‌തിലെത്തി പിരമിഡുകൾ സന്ദർഷിച്ച ശേഷമാണ് തന്റെ വിലയിരുത്തലുകൾ അദ്ദേഹം കുറിച്ചത്.
സുരേഷ് മഠത്തിൽ വളപ്പിലിന്റെ വാക്കുകൾ-
ലോകപ്രസിദ്ധമാണ് ഈജിപ്തിലെ പിരമിഡുകൾ. എന്നാൽ സമൂഹ മാധ്യമങ്ങൾ ശക്തിപ്പെടുകയും, സന്തോഷ് ജോർജിനെ പോലുള്ള സഞ്ചാരികൾ ഇവിടങ്ങളിൽ ഒക്കെ എത്തിപ്പെടുകയും ചെയ്തത് വഴി ഇവയുടെ ഒക്കെ കൂടുതൽ വ്യക്തമായ സമീപ ദർശനം സാദ്ധ്യമാവുകയും ചെയ്ത കാലം മുതൽ ഞാൻ ആലോചിച്ച ഒന്നാണ് എന്തുകൊണ്ടാണ് ഇവയുടെ ഉപരി ഭാഗം കല്ലുകൾ പെറുക്കി വച്ചതുപോലെ ഭംഗി ഇല്ലാതെ കിടക്കുന്നത് എന്ന്.
ഉത്തരം ലഭിക്കാനായി ഈജിപ്തിൽ എത്തേണ്ടി വന്നു. ഒരുകാലത്ത് ഈ പിരമിഡുകളുടെ പുറം ഭാഗം എല്ലാം തന്നെ മാർബിൾ പോലെ മിനുസമാർന്നത് ആയിരുന്നു, ഏറ്റവും മുകൾ ഭാഗം സ്വർണ്ണം കൊണ്ട് മൂടിയിരുന്നു എന്നുപോലും ചിലർ വിശ്വസിക്കുന്നുണ്ട്. ഇന്നും അവയുടെ അടിഭാഗത്തും, മുകളിലും ഒക്കെ ഇത്തരം മിനുസമുള്ള ശിലാ പാളികൾ അവശേഷിക്കുന്നുണ്ട്. എന്നാൽ എങ്ങനെയാണ് പിരമിഡുകൾക്കു അവയുടെ പുറം തൊലി നഷ്ടമായത് ..?
ഏഴാം നൂറ്റാണ്ടിൽ ഈജിപ്തിൽ എത്തിയ ഷിയാക്കൾ ആണ് ഇവയുടെ പുറം ഭാഗത്തെ ശിലാപാളികൾ അടർത്തിയെടുത്തത്. അതുപയോഗിച്ച് അവർ മോസ്‌കോയിൽ അനേകം ദേവാലയങ്ങൾ പണിതു. മറ്റൊരു സിദ്ധാന്തം ഭൂകമ്പത്തിന്റേതാണ്. ഭൂകമ്പത്തിൽ അടർന്നു പോയ ശിലാപാളികൾ ഷിയാക്കൾ അടർത്തി മാറ്റി എന്നതാണ്, എന്തായാലും ശരി, മോസ്കോയിലെ അനേകം പള്ളികളുടെ നിർമ്മാണത്തിന് ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്, ഈജിപ്റ്റോളജിസ്റ്റ്കൾ അംഗീകരിച്ച കാര്യമാണ്, നേരിൽ കാണാവുന്ന കാര്യമാണ്.
എന്നാൽ ഈ ഭൂകമ്പ സിദ്ധാന്തം അത്ര വിശ്വാസ യോഗ്യമല്ല, കാരണം ലോകത്തെ ഏറ്റവും സ്ഥിരതയുള്ള ജാമ്യതീയ ഷെയ്പ്പുകളിൽ ഒന്നാണ് പിരമിഡുകൾ. അവയിൽ, ഏതാണ്ട് നാൽപ്പത്തി അഞ്ചു ഡിഗ്രി ചെരിവില് പതിപ്പിച്ച കനം കൂടിയ ശിലാപാളികൾ അടർന്നു വീഴണം എങ്കിൽ അത് അത്ര എളുപ്പമല്ല. അത് എന്തുതന്നെ ആയാലും ഒരു ചരിത്രാന്വേഷിയുടെ സിരകളിൽ ആവേശം നിറയ്ക്കാൻ പോന്ന പലതും പിരമിഡുകളിൽ ഉണ്ട്.''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |