വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് സിനിമയെ കൂടുതൽ സീരിയസ് ആയി സമീപിച്ചതെന്ന് നടി തെസ്‌നി ഖാൻ. കഴിവ് മാത്രം പോരാ, ഭാഗ്യം, റെക്കമൻഡേഷൻ എന്നിങ്ങനെ ഒടുപാട് കാര്യങ്ങൾ സിനിമയിൽ നിലനിൽക്കണമെങ്കിൽ വേണമെന്ന് മനസിലായി. ഒപ്പം വന്നവരും ശേഷം വന്നവരും സൂപ്പർ സ്‌റ്റാർസ് ആയി, പക്ഷേ സിനിമയിൽ തന്നെ രക്ഷപ്പെടുത്തിയത് രണ്ടുപേരാണെന്ന് തെസ്‌നി വെളിപ്പെടുത്തുന്നു.
''എന്നിഷ്‌ടം കൂടാമോ എന്ന സിനിമ ഞാൻ ചെയ്യുമ്പോൾ ദിലീപേട്ടൻ കമൽ സാറിന്റെ അസിസ്‌റ്റന്റാണ്. ക്ളാപ്പ് അടിക്കാൻ നിൽക്കുകയാണ്. ചെറിയ റോളുകളിൽ ഞങ്ങൾക്കൊപ്പം നിന്ന ആളായിരുന്ന അദ്ദേഹം സിനിമയിൽ സൂപ്പർ സ്‌റ്റാറായി.
അന്നൊക്കെ ഞാൻ സിനിമയിലുണ്ട്. ദിലീപേട്ടന്റെ ഒരുപാട് സിനിമകൾ വന്നുപോയി. ദിലീപേട്ടന്റെ കേന്ദ്ര വലയമായി സിനിമ മാറി. അന്നൊന്നും ആരും റോൾ തന്നില്ല. അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമയായ കാര്യസ്ഥനിൽ ആണ് പിന്നീട് എനിക്ക് റോൾ കിട്ടുന്നത്. കാര്യസ്ഥന് തൊട്ടുമുമ്പ് പോക്കിരി രാജ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അവിടെ നിന്നാണ് കാര്യസ്ഥനിലേക്ക് വിളി വന്നത്.
തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്‌ണ-സിബി കെ തോമസ് ആണ് നല്ല അവസരങ്ങൾ സിനിമയിൽ നൽകിയത്. സിനിമയിൽ എന്റെ റീ എൻട്രി തന്നെയായിരുന്നു പോക്കിരി രാജ. 2010 ന് ശേഷം കുറച്ച് സിനിമകളിൽ അഭിയനിക്കാൻ തുടങ്ങിയതും, ഒരു ഫ്ളാറ്റ് വാങ്ങാൻ കഴിഞ്ഞതും കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ്. ഉദയകൃഷ്‌ണ-സിബി കെ തോമസിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല.
അവർക്ക് എന്നെ വിളിച്ച് ആ ക്യാരക്‌ടർ തരേണ്ട ഒരു ആവശ്യവുമില്ല. ഒരുപാട് പേരുണ്ട് വേറെ. അവരെക്കൊണ്ട് ദൈവം തോന്നിച്ചതാണ്. ഇനി എത്ര സിനിമ ചെയ്‌താലും എന്റെ പ്രാർത്ഥനയിൽ ഈ രണ്ടുപേരുമുണ്ടാകും. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് എനിക്ക് ഒരു പടം തന്നതാണ് അവരാണ്.''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |