അഡലെയ്ഡ്: ഓസ്‌ട്രേലിയക്ക് എതിരായ ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് വെള്ളിയാഴ്ച അഡലെയ്ഡ് ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പിങ്ക് ബോളില്‍ കളിക്കുന്ന മത്സരം രാത്രിയും പകലുമായിട്ടാണ് നടക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ രോഹിത്തിന് പകരം കെഎല്‍ രാഹുലാണ് യശ്വസി ജയ്‌സ്‌വാളിന് ഒപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പെര്‍ത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇവരുടെ 201 റണ്‍സിന്റെ ഓപ്പണിംഗ് സ്റ്റാന്‍ഡ് ആണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്.
രോഹിത് ശര്‍മ്മ ടീമിനൊപ്പം തിരിച്ചെത്തിയ സാഹചര്യത്തില്‍ രാഹുലിന്റെ ഓപ്പണിംഗ് സ്ഥാനം തെറിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. ഈ വിഷയത്തില്‍ ടീം മാനേജ്‌മെന്റ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തിലെ തീരുമാനമായോ എന്ന് കെഎല്‍ രാഹുലിനോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തീരുമാനം തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് നിങ്ങളോട് പറയരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് രാഹുല്‍ തമാശരൂപേണ പ്രതികരിച്ചത്.
ഇപ്പോഴിതാ ആ തീരുമാനം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. പെര്‍ത്തിലെ ഓപ്പണിംഗ് ജോഡിയായ യശ്വസി ജയ്‌സ്‌വാള്‍ - കെഎല്‍ രാഹുല്‍ സഖ്യം തുടരുമെന്നാണ് നായകന്‍ പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ അറിയിച്ചത്. വ്യക്തിപരമായി തനിക്ക് ഓപ്പണറാകുന്നതാണ് ഇഷ്ടമെന്നും എന്നാല്‍ ടീമിന്റെ പ്രകടനത്തിന് ആദ്യ ടെസ്റ്റിലെ സഖ്യം തുടരുന്നതാണ് നല്ലതെന്നും രോഹിത് പറഞ്ഞു. താന്‍ മദ്ധ്യനിരയില്‍ എവിടെയെങ്കിലും ബാറ്റ് ചെയ്യുമെന്നും ഹിറ്റ്മാന്‍ അറിയിച്ചു.
'കെ.എല്‍. രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മദ്ധ്യനിരയില്‍ എവിടെയെങ്കിലും ഞാന്‍ കളിക്കും. എളുപ്പമല്ലെങ്കിലും ടീമിന്റെ നല്ലതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം' -രോഹിത് മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് റിസല്‍റ്റും ജയവുമാണ് പ്രധാനം. പെര്‍ത്തില്‍ ഇരുവരും നന്നായി ബാറ്റ് ചെയ്തു. വീട്ടിലിരുന്നാണ് ഞാന്‍ കളി കണ്ടത്. രാഹുലിന്റെ ബാറ്റിംഗ് മികച്ചതായിരുന്നു. ഈ സമയം ആ സ്ഥാനം അര്‍ഹിക്കുന്നത് അദ്ദേഹമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |