തിരുവനന്തപുരം: അഭിഭാഷക ജീവിതത്തിന്റെ 50 വർഷം പൂർത്തിയാക്കിയ പി.എ.അഹമ്മദിനെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ആദരിക്കുന്നു. നാളെ വൈകിട്ട് 4.30ന് അപ്പോളോ ഡിമോറയിൽ ചേരുന്ന സുവർണ ജൂബിലി സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ലോകായുക്ത ജസ്റ്രിസ് എൻ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ആന്റണി രാജു എം.എൽ.എ, ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.ബാലു തുടങ്ങിയവർ പങ്കെടുക്കും.
അര നൂറ്രാണ്ടുകാലത്തെ അഭിഭാഷക ജീവിതത്തിൽ പ്രമാദമായ ഒട്ടേറെ കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. വിവാദമായ ഗ്രാഫൈറ്ര് കേസിലും പാമോലിൻ കേസിലും പി.എ. അഹമ്മദ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിരവധി കേസുകളിൽ അദ്ദേഹത്തിന് വേണ്ടി കോടതികളിൽ വാദിച്ചിരുന്നത് അദ്ദേഹമാണ്.
കേരള യൂണിവേഴ്സിറ്രി, കെ.ടി.ഡി.സി, കെ.എസ്.എഫ്.ഡി.സി എന്നിവയുടെ നിയമോപദേഷ്ടാവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ഇൻഫോപാർക്ക്, കെ.എസ്.ഐ.ഡി.സി തുടങ്ങിയവയുടെ സ്റ്റാൻഡിംഗ് കോൺസലുമായിരുന്നു. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയുടെ സ്ഥാപനത്തിലും നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരള ലോയേഴ്സ് ക്ലബിന്റെയും അഭയയുടെയും പ്രസിഡന്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |