വീണ്ടും അല്ലു അർജുൻ മാജിക്, പുലർച്ചെ നാലു മുതൽ കേരളത്തിലെ പ്രദർശനശാലകൾ പുഷ്പരാജന്റെ നിയന്ത്രണത്തിലായിരുന്നു. കേരളത്തിൽ 600 സ്ക്രീനിൽ റിലീസ് ചെയ്ത പുഷ്പ 2 ദ റൂൾ ആദ്യദിനം വൈകിട്ട് ഏഴുവരെ കണക്കുകളനുസരിച്ച് 1912 ഷോകളിൽ നിന്നായി 4.82 കോടി ലഭിച്ചു. ബോക്സ് ഓഫീസിൽ 80 കോടിയിലേറെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.
പുഷ്പയായി അല്ലു അർജുൻ നിറഞ്ഞാടിയപ്പോൾ കട്ടക്ക് നിന്ന് ഫഹദ് ഫാസിലിന്റെ പൊലീസ് വേഷം, പുഷ്പരാജന്റെ യാഗാശ്വരം മൂന്നാം ഭാഗത്തിലും കാണാമെന്ന് സംവിധായകൻ സുകുമാർ പ്രേക്ഷകർക്ക് ഉറപ്പ് നൽകിയാണ് ചിത്രം അവസാനിപ്പിക്കുന്നത്. റിലീസിന് മുൻപേ വിജയനേട്ടത്തിന്റെ കഥയാണ് പുഷ്പയുടെ രണ്ടാം ഭാഗത്തിനുള്ളത്. 100കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് ചിത്രം നേടിയിരുന്നു.
തെലുങ്കിൽ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിക്കുന്നത്. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരുന്ന പുഷ്പ 2 ദ റൂൾ ഒരു നിമിഷം പോലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. ശ്രീവല്ലിയായി രശ്മിക മന്ദാന നിറഞ്ഞഭിനയിച്ചു.
'കിസ്സിക്' പാട്ടുമായി ശ്രീലീലയുടെ ഐറ്രം ഡാൻസും തിയേറ്ററിൽ ആവേശം തീർത്തു. എന്നാൽ സാമന്തയായിരുന്നു ഒരു പടി മുന്നിൽ എന്നും തോന്നിപ്പിച്ചു.
സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരെല്ലാം ശ്രദ്ധേയമായി. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും, ഛായാഗ്രാഹകൻ മിറെസ്ലോ ക്യൂബ ബ്രോസെക് ഒരുക്കിയ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും പുതിയൊരു വിപ്ലവം തന്നെ തീർത്തു.
നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും അല്ലു അർജുന്റെ താരമൂല്യവും പ്രേക്ഷകരുടെ മനസും തിരിച്ചറിഞ്ഞ് ബ്രഹ്മാണ്ഡം തന്നെ തീർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |