കൊച്ചി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്രിപ്‌റ്റോ കറൻസി പ്രിയത്തിന്റെ കരുത്തിൽ ചരിത്രത്തിലാദ്യമായി ബിറ്റ്‌കോയിനിന്റെ വില ഒരു ലക്ഷം ഡോളർ കവിഞ്ഞു. ഇന്നലെ ബിറ്റ്‌കോയിനിന്റെ വില ആറ് ശതമാനം ഉയർന്ന് 1,03,000 ഡോളറിലെത്തി. ക്രിപ്‌റ്റോ കറൻസികളുടെ വിമർശകർക്കിടയിൽ പോലും സ്വീകാര്യത വർദ്ധിച്ചതോടെ നിക്ഷേപകർ വൻതോതിൽ ഫണ്ട് ഇവിടേക്ക് ഒഴുകുകയാണ്. നടപ്പുവർഷം ബിറ്റ്‌കോയിനിന്റെ വില ഇരട്ടിയിലധികം വർദ്ധിച്ചു. ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം ബിറ്റ്കോയിൻ വില 50 ശതമാനം ഉയർന്നു.
അമേരിക്കയിൽ പുതുതായി അധികാരത്തിലെത്തുന്ന റിപ്പബ്ളിക്കൻ പാർട്ടി ഭരണകൂടം ക്രിപ്‌റ്റോ കറൻസികളുടെ മേലുള്ള നിയന്ത്രണ തടസങ്ങൾ പൂർണമായും ഒഴിവാക്കുമെന്ന പ്രതീക്ഷയാണ് നിക്ഷേപകർക്ക് ആവേശം സൃഷ്‌ടിക്കുന്നത്. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ നാണയങ്ങൾ ഔദ്യോഗിക ധന വിപണിയുടെ ഭാഗമായി മാറുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയെ ഈ ഗ്രഹത്തിലെ ക്രിപ്‌റ്റോ കറൻസിയുടെ തലസ്ഥാനമാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഡിജിറ്റൽ ആസ്തികൾക്ക് നിയമ ചട്ടക്കൂട് ഒരുക്കുന്നതിൽ പങ്കാളിയായിരുന്ന പോൾ അറ്റ്‌കിൻസിനെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ അദ്ധ്യക്ഷനായി ട്രംപ് നാമനിർദേശം നൽകിയതാണ് ഇന്നലെ ബിറ്റ്‌കോയിന് മുന്നേറ്റമുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |