ആദ്യ കണ്ടെയ്നർ ഫ്‌ളാഗ് ഓഫ് ചെയ്തു
ആലപ്പുഴ : കയർഫെഡിന്റെ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായ കൊക്കോലോഗും കയർഭൂവസ്ത്രവും നീണ്ട ഇടവേളയ്‌ക്ക് ശേഷം അമേരിക്കൻ വിപണിയിലെത്തുന്നു. കനാലുകളുടെ സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയാനും കയർ ഭൂവസ്ത്രവും പുഴകളിലെ വെള്ളത്തിന്റെ ശക്തികുറയ്ക്കുന്നതിന് തടയണയായി കൊക്കോലോഗും ഉപയോഗിക്കും.
പൂർണമായും പരമ്പരാഗത കയറിൽ നിർമ്മിച്ച ഉത്പന്നങ്ങളായതിനാലാണ് കയർഫെഡിന് ന്യൂയോർക്കിലേക്ക് ആദ്യ കരാർ ലഭിച്ചത്.
കയർഫെഡ് അങ്കണത്തിൽ നിന്ന് പുറപ്പെട്ട കണ്ടെയ്‌നർ പ്രസിഡന്റ് ടി.കെ.ദേവകുമാർ ഫ്ളാഗ് ഓഫ് ചെയ്തു.
കയർഫെഡ് വൈസ് പ്രസിഡന്റ് ആർ.സുരേഷ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എൻ.ആർ.ബാബുരാജ്, ഭരണ സമിതിയംഗങ്ങളായ ജി.ബാഹുലേയൻ, സുരേശ്വരി ഘോഷ്, രമ മദനൻ, കയർഫെഡ് മാനേജിംഗ് ഡയറക്ടർ ടി.ഒ. ഗംഗാധരൻ, ജനറൽ മാനേജർ ജോൺ സാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിദേശ, ആഭ്യന്തര വിപണി വികസിപ്പിക്കുന്നു
വർഷങ്ങളായി മുടങ്ങി കിടന്ന കയർഫെഡിന്റെ വിദേശവ്യാപാര ലൈസൻസ് ടി.കെ.ദേവകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പുതുക്കിയത്. ഇതിന് ശേഷം ലഭിച്ച ആദ്യ കരാറാണിത്. പഞ്ചാബിലെ അമ്യത്‌സർ സുവർണ്ണക്ഷേത്രം, ചെന്നൈ ക്രിക്കറ്റ് അസോസിയേഷൻ എന്നിവിടങ്ങളിൽ നിന്ന് കരാറുകൾ ലഭിച്ചിരുന്നു. ആഭ്യന്തര, വിദേശ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച വളർച്ച നേടാനാണ് ലക്ഷ്യം.
"നീണ്ട ഇടവേളക്ക് ശേഷം കയർഫെഡ് ഉത്പന്നങ്ങൾ രാജ്യാന്തര വിപണിയിലെത്തുന്നത് സംസ്ഥാനത്തെ കയർ വ്യവസായത്തിന്റെ പുരോഗതിക്ക് കൈത്താങ്ങാകും
- ടി.കെ.ദേവകുമാർ, പ്രസിഡന്റ്, കയർഫെഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |