കൊച്ചി/മരട്: ലോക്കൽ സമ്മേളനത്തിലെ തമ്മിലടിയുടെ ചൂടാറും മുമ്പേ സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി ഓഫീസിൽ പാർട്ടി അംഗങ്ങൾ തമ്മിൽ വീണ്ടും കൂട്ടത്തല്ല്. സി.ഐ.ടി.യു ചമ്പക്കര മാർക്കറ്റ് യൂണിറ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചേർന്ന പാർട്ടി അംഗങ്ങളായ യൂണിയൻ അംഗങ്ങളുടെ ഫ്രാക്ഷൻ യോഗമാണ് കൂട്ടത്തല്ലിലേക്ക് നീണ്ടത്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി ജില്ലാ കമ്മിറ്റി തീരുമാനം യോഗത്തിൽ റിപ്പോർട്ട് ചെയ്തപ്പോഴാണ് കൈയാങ്കളിക്കു തുടക്കം. സി.ഐ.ടി.യു ചമ്പക്കര മാർക്കറ്റ് യൂണിറ്റിന്റെ സെക്രട്ടറിയായി പി.കെ. സാബുവിനെ ചുമതലപ്പെടുത്തുന്നതായുള്ള തീരുമാനത്തെയാണ് പാർട്ടി അംഗങ്ങൾ എതിർത്തത്. മുമ്പ് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടയാളാണ്. സാബുവെന്നും, ആരോപണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടിയതോടെ തർക്കം മൂർച്ഛിച്ചു. . അംഗങ്ങൾ ചേരി തിരിഞ്ഞ് കൈയ്യാങ്കളിയുണ്ടാവുകയും കസേരകൾ നിലത്തടിച്ച് പൊട്ടിക്കുകയും ചെയ്തതോടെ യോഗം അവസാനിപ്പിച്ച് ദിനേശ് മണിക്ക് മടങ്ങേണ്ടി വന്നു.
കഴിഞ്ഞ സി.പി.എം പൂണിത്തുറ ലോക്കൽ സമ്മേളനവും കൂട്ടത്തല്ലിലാണ് അവസാനിച്ചത്. അന്ന് പത്തോളം പേർ ആശുപത്രിയിലായി. സാമ്പത്തിക ക്രമക്കേട് നേരിടുന്ന പ്രാദേശിക നേതാക്കളെ സംബന്ധിച്ച ആരോപണം, പേട്ടയിലെ ഓഫീസുമായി ബന്ധപ്പെട്ട സ്ഥലം വില്പന തുടങ്ങിയ പ്രശ്‌നങ്ങളിലായിരുന്നു കൂട്ടത്തല്ല്. അഡ്‌ഹോക് കമ്മിറ്റിയാണ് ഇവിടെ തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |