കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിലെ ചോർച്ചയിൽ ആശങ്ക തീരാതെ ജനം. ഇന്ധനച്ചോർച്ച പൂർണമായും തടഞ്ഞെന്ന് എച്ച്.പി.സി.എൽ അധികൃതർ അറിയിക്കുമ്പോഴും തോട്ടിലും പുഴയിലുമായി ഇന്ധനം പടർന്നതിൽ നാട്ടുകാർ ആശങ്കയിലാണ്.
ഇന്നലെയും പ്ലാന്റിനോട് ചേർന്ന ഓടയിലും സമീപത്തേക്കുള്ള തോടിലും ഡീസൽ പരന്നിരുന്നു. നാട്ടുകാർ ഇവിടെ നിന്നും ഡീസൽ കുപ്പിയിലാക്കി കൊണ്ടു പോയി. പ്ലാന്റിലെ ഇന്ധന ചോർച്ചയിൽ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ്
പ്രാഥമികാന്വേഷണം നടത്തിയ എ.ഡി.എം വി. അനിതകുമാരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ചട്ടലംഘനം കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.
ഇന്ധനച്ചോർച്ചയുണ്ടായ സംഭവത്തിൽ ജലാശയങ്ങൾ ശുചീകരിക്കുന്നതിന് പ്രഥമ പരിഗണന നൽകും. സ്‌പെഷ്യൽ ഓയിൽ ഡിസ്‌പെർസന്റ് ലിക്വിഡ് ഉപയോഗിച്ച് ജലത്തിൽ കലർന്ന ഇന്ധനം നീക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഡിസ്‌പെർസെന്റ് മുംബൈയിൽ നിന്നാണ് കൊണ്ടുവരുന്നത്. ഇന്ന് രാവിലെയോടെ ജലസ്രോതസ്സുകൾ ശുചിയാക്കുന്ന പ്രവൃത്തികൾ ആരംഭിക്കും. ഇതിനുള്ള നിർദേശം എച്ച്.പി.സി.എൽ അധികൃതർക്ക് നൽകിട്ടുണ്ടെന്നും ജില്ലാകളക്ടർ പറഞ്ഞു.
നടപടിയെന്ന് മന്ത്രി ശശീന്ദ്രൻ
ഇന്ധന ചോർച്ചയുണ്ടായ പ്രദേശവും പ്ലാന്റും മന്ത്രി എ.കെ.ശശീന്ദ്രൻ സന്ദർശിച്ചു. പ്ലാന്റ് അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്കപരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയിൽസ് അധികൃതരോട് വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ദുരന്തനിവാരണം, മലിനീകരണ നിയന്ത്രണം, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്, ആരോഗ്യം, കോർപ്പറേഷൻ, റവന്യു തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥർ അടങ്ങുന്ന ഉന്നതതല സംഘവും ഇന്നലെ പ്ലാന്റ് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.
ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ നിന്ന് പ്ലാന്റിനോട് ചേർന്നുള്ള ഓടയിലൂടെ ഡീസൽ ചോരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ എലത്തൂർ പൊലീസെത്തി പ്ലാന്റ് മാനേജരെ വിവരമറിയിച്ചു. ഇന്ധനം മാറ്റുന്നതിനിടെ പ്ലാന്റിലെ സംഭരണിയിലെ ഓവർഫ്‌ളോ സിസ്റ്റത്തിലുണ്ടായ തകരാറ് കാരണം ഡീസൽ പുറത്തേക്കൊഴുകിയെന്നാണ് എച്ച്.പി.സി.എൽ എലത്തൂർ മാനേജർ സി. വിനയന്റെ വിശദീകരണം. ചോർച്ച അടച്ചെന്ന് അധികൃതർ അറിയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും ഓടയിലൂടെ ഡീസൽ പുറത്തേക്കൊഴുകി. ഇത് നാലാം തവണയാണ് ഇവിടെ ഇന്ധനച്ചോർച്ചയുണ്ടാകുന്നത്. കോർപ്പറേഷൻ 'ഹൈ ഡെൻസിറ്റി റസിഡൻഷ്യൽ ഏരിയയായി സാക്ഷ്യപ്പെടുത്തിയ എലത്തൂരിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |