ബോർഡർ ഗാവസ്കർ ട്രോഫിയിലെ പിങ്ക് ടെസ്റ്റ് ഇന്ന് മുതൽ,
ഓപ്പണറായി കെ.എൽ രാഹുൽ തുടരും, മഴയ്ക്ക് സാധ്യത
അഡ്‌ലെയ്‌ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഒരേയൊരു ഡേ- നൈറ്റ് മത്സരം ഇന്ന് മുതൽ അഡ്‌ലെയ്ഡിൽ തുടങ്ങും. ഇന്ത്യൻ സമയം രാവിലെ 9.30 മുതലാണ് മത്സരം.
പെർത്ത് വേദിയായ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ തകർപ്പൻ ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പിങ്ക് ബാളിൽ കളിക്കുന്ന രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. പിങ്ക് ബാൾ ടെസ്റ്റുകളിലെ ആധിപത്യം കൈമുതലാക്കി രണ്ടാം ടെസ്റ്റിൽ ജയിച്ച് പരമ്പരയിൽ 1-1ന് ഒപ്പമെത്താമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ ഓസ്ട്രേലിയ. നാട്ടിൽ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ 0-2ന് പിന്നിലായ ശേഷം ഒരിക്കൽ മാത്രമേ അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിട്ടുള്ളൂ. 1936-37ൽ സർ ഡോൺ ബ്രാഡ്‌മാന്റെ നേതൃത്വത്തിൽ ഉള്ള ഓസ്ട്രേലിയൻ ടീം മാത്രമേ അത്തരമൊരു ഐതിഹാസിക തിരിച്ചുവരവ് നടത്തിയിട്ടുളളൂ. ഇതേവേദിയിൽ 2020ൽപിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യയെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് ഓൾഔട്ടാക്കതിയ ചരിത്രം ഓസ്ട്രേലിയക്കുണ്ട്.
അതേസമയം ഒന്നാം ടെസ്റ്റിലേക്കാളും കരുത്തുറ്റ ടീമിനെയാണ് ഇന്ത്യ അഡ്‌ലെയ്‌ഡിൽ അണിനിരത്തുന്നത്.സ്ഥിരം നായകൻ രോഹിത് ശർമ്മയും സൂപ്പർ ബാറ്റർ ശുഭ്‌മാൻ ഗില്ലും ആദ്യ ഇലവനിൽ തിരിച്ചെത്തുന്നതോടെ ഇന്ത്യ കൂടുതൽ ശക്തമാകും. അതേസമയം കെ.എൽ രാഹുൽ തന്നെയായിരിക്കും ഓപ്പണറാവുകയെന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്.
12,4
ഇന്ത്യ ഇതുവരെ 4 പിങ്ക് ബാൾ ടെസ്റ്റുകൾ കളിച്ചു. ഇതിൽ നാട്ടിൽ കളിച്ച മൂന്നിലും ജയിച്ചപ്പോൾ ഓസ്ട്രേലിയയോട് ഇതേ വേദിയിൽ തോറ്റു. ഓസ്ട്രേലിയ ഇതുവരെ കളിച്ച 12 പിങ്ക് ബാൾ ടെസ്റ്റിൽ 11ലും ജയിച്ചു.
ഓപ്പണർ രാഹുൽ തന്നെ
ഞാൻ മദ്ധ്യനിരയിൽ എവിടിയെങ്കിലും
കെ.എൽ രാഹുൽ തന്നെ അഡ്‌ലെയ്‌ഡിലും യശ്വസി ജയ്‌സ്വാളിനൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ എത്തുമെന്ന് രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ അറിയിച്ചു. ഞാൻ മദ്ധ്യനിരയിൽ എവിടെയെങ്കിലും ബാറ്റിംഗിനിറങ്ങും.ബാറ്ററെന്ന നിലയിൽ ബുദ്ധിമുട്ടുള്ള തീരുമാനമാണത്.എന്നാൽ ടീമിനെ സംബന്ധിച്ച് നിലവിൽ കെ.എൽ ഓപ്പണറാകുന്നത് തന്നെയാണ് ശരിയായ തീരുമാനം. അതാണ് വേണ്ടതും. - രോഹിത് പത്രസമ്മേളനത്തൽ വ്യക്തമാക്കി. പെർത്തിൽ രാഹുലിനറെ ബാറ്റിംഗും യശ്വസിക്കൊപ്പം ഉണ്ടാക്കിയ. കൂട്ടുകെട്ടും ഇന്ത്യൻ വിജയത്തിൽ നിർണായകമായെന്നും രോഹിത് പറഞ്ഞു. രോഹിതിന്റെ ഓസ്‌ട്രേലിയയിലെ ഉയർന്ന ടെസ്റ്റ് സ്കോർ എം.സി.ജിയിൽ 2018/19ൽ ആറാം നമ്പറിൽ ഇറങ്ങി നേടിയ 63 റൺസാണ്. ഇത്തവണ അഞ്ചാമനായി രോഹിത് ഇറങ്ങാനാണ് സാധ്യത കൂടുതൽ.
രോഹിതിന്റെ അഭാവത്തിൽ പെർത്തിൽ മുന്നിൽ നിന്ന് നയിച്ച ജസ്പ്രീത് ബുംറ തകർപ്പൻ ജയമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. കളിയിലെ താരവും ബുംറയായിരുന്നു. ആദ്യ ടെസ്റ്റിലെ അതേ ആവേശം ടീമിൽ നിലനിർത്തുകയെന്നതാണ് രോഹിതിന് ചെയ്യാനുള്ളത്. പിങ്ക് ബോൾ ടെസ്റ്റിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് ജയം നേടാനായിരുന്നു. 50ഓവർ മത്സരമാക്കി ചുരുക്കിയ സന്നാഹത്തിൽ രോഹിതിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. രോഹിതും ഗില്ലും തിരിച്ചെത്തുന്നതോടെ കർണാടകയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കലിനും ധ്രുവ് ജുറലിനുമാകും അവസരം നഷ്ടമാവുക. സ്‌പിന്നിനെ തുണയ്ക്കുന്ന അഡ്‌ലെയ്ഡിൽ ആർ.അശ്വിനോ രവീന്ദ്ര ജഡേജയ്‌ക്കോ അവസരം ലഭിച്ചേക്കാം.
സാധ്യതാ ടീം: യശ്വസി, രാഹുൽ,ഗിൽ,കൊഹ്‌ലി,രോഹിത്,പന്ത്,സുന്ദർ,നിതീഷ്,ഹർഷിത്/അശ്വിൻ/ജഡേജ,ബുംറ,സിറാജ്
ഹാസൽവുഡിന് പകരം ബോളണ്ട്
പരിക്കേറ്റ ജോഷ് ഹാസൽവുഡിന് പകരം സ്കോട്ട് ബോളണ്ട് ഓസീസിന്റെ ആദ്യ ഇലവനിൽ ഇടം നേടിയേക്കും. രണ്ട് വർഷത്തിന് ശേഷം നാട്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ കളിക്കാനൊരുങ്ങുകയാണ് 35കാരനായ ബോളണ്ട്. രണ്ട് ഡേ നൈറ്റ് ടെസ്റ്റുകൾ കളിച്ചിട്ടുള്ള ബോളണ്ട് 13.71 ശരാശരിയിൽ 7 വിക്കറ്റും നേടിയിട്ടുണ്ട്.
സാധ്യതാ ടീം: ക്വാജ, മക്‌സ്വീനി,ലെബുഷെയ്‌ൻ,സ്മിത്ത്,ഹെഡ്,മാർഷ്,കാരെ,കമ്മിൻസ്,സ്റ്റാർക്ക്,ലയൺ,ബോളണ്ട്.
പിങ്ക്ബോൾ
ചുവന്നബോളിനെ അപേക്ഷിച്ച് പിങ്ക് ബോളിൽ കൂടുതൽ തളിക്കത്തിനായി വാർണീഷ് ഒരുപാളി അധികം അടിക്കും. ഇത് നല്ല സ്വിംഗ് ലഭിക്കാൻ സഹായിക്കും. 40 ഓവർ കഴിയുമ്പോഴും സ്വിംഗ് കിട്ടും പഴകുന്തോറും സ്പിന്നർമാർക്ക് അനുകൂലമാകും.
പിച്ച് റിപ്പോർട്ട്
ബാറ്റിംഗിനെയും ബൗളിംഗിനേയും പിന്തുണയ്ക്കുന്ന പിച്ചാണ് അഡ്‌ലെയ്‌ഡിലേത്. സ്പിന്നിന് നല്ല പിന്തുണ കിട്ടിയേക്കും.
കാലാവസ്ഥ
ഇന്ന് അഡ്‌ലെയ്ഡിൽ മഴയ്ക്കും ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. വരുംദിവസങ്ങളിൽ നല്ല കാലാവസ്ഥയായിരിക്കുമെന്നുമാണ് പ്രവചനം.
ലൈവ്
സ്റ്റാർ സ്പോർട്‌സ് ചാനസുകൾ,ഡി ഡി സ്പോർട്‌സ്, ഹോട്ട്‌സ്റ്റാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |