പാരീസ്: ഫ്രാൻസിൽ പ്രധാനമന്ത്രി മിഷെൽ ബാർനിയേ അവിശ്വാസ വോട്ടിലൂടെ പുറത്തായതോടെ മൂന്ന് മാസം മുമ്പ് അധികാരത്തിലെത്തിയ സർക്കാർ നിലംപതിച്ചു. ഇതോടെ ഫ്രാൻസിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു. ജൂലായിൽ ഫ്രഞ്ച് പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടാണ് മുന്നിലെത്തിയത്. മറ്റ് പാർട്ടികൾ എതിർത്തതോടെ ന്യൂ പോപ്പുലർ ഫ്രണ്ടിന്റെ സർക്കാർ രൂപീകരണ സാദ്ധ്യത ഇല്ലാതായി. തുടർന്ന് ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മിഷെലിനെ തിരഞ്ഞെടുക്കുകയായിരുന്നു. പാർലമെന്റിന്റെ അംഗീകാരമില്ലാതെ നികുതി വർദ്ധനയും ചെലവ് ചുരുക്കലും ഉൾക്കൊള്ളുന്ന ബഡ്ജറ്റ് ബില്ലുമായി മുന്നോട്ടുപോയതാണ് മിഷെലിന് വിനയായത്. ധനക്കമ്മി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ബഡ്ജറ്റിന് പ്രത്യേക അധികാരം ഉപയോഗിച്ച് മിഷെൽ അംഗീകാരം നൽകി. ഇതോടെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതൃത്വത്തിലെ പ്രതിപക്ഷം ബഡ്ജറ്റിനെതിരെ രംഗത്തെത്തി. ന്യൂ പോപ്പുലർ ഫ്രണ്ടും നാഷണൽ റാലിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. 577 അംഗ പാർലമെന്റിലെ 331 എം.പി.മാർ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. 1962ന് ശേഷം ആദ്യമായാണ് ഫ്രഞ്ച് സർക്കാർ അവിശ്വാസ വോട്ടിലൂടെ പുറത്തായത്. കൃത്യമായ ഭൂരിപക്ഷമില്ലാത്തതും ഒരു ഡസനിലേറെ പാർട്ടികൾ നിറഞ്ഞതുമായ നാഷണൽ അസംബ്ലിയിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുക എന്നത് മാക്രോണിന് മുന്നിൽ വെല്ലുവിളിയാണ്. മാക്രോൺ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ മിഷെലിന്റെ നേതൃത്വത്തിലെ കാവൽ മന്ത്രിസഭ തുടരും. ഏറ്റവും പ്രായം കൂടിയ ഫ്രഞ്ച് പ്രധാനമന്ത്രിമാരിൽ ഒരാളാണ് മിഷെൽ. ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയും മിഷെലാണ്. ദ റിപ്പബ്ലിക്കൻസ് പാർട്ടി നേതാവായ മിഷെൽ മുമ്പ് വിദേശകാര്യമടക്കം നിരവധി മന്ത്രിസ്ഥാനങ്ങൾ വഹിച്ചിരുന്നു. യു.കെയുമായുള്ള യൂറോപ്യൻ യൂണിയന്റെ ബ്രെക്‌സിറ്റ് ചർച്ചകൾക്ക് തീവ്ര വലതുപക്ഷ നിലപാടുള്ള അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |