കാസർകോട്: പ്രവാസി വ്യവസായി കാസർകോട് പള്ളിക്കര പൂച്ചക്കാട്ടെ അബ്ദുൾ ഗഫൂർ ഹാജിയുടെ (55) മരണത്തിൽ പൊലീസിനെതിരെ കുടുംബം. പ്രതികളുടെ പേരടക്കം നൽകി പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ ബേക്കൽ പൊലീസ് കാര്യമായി അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതികൾക്ക് കർണാടകയിലടക്കം കണ്ണികളുണ്ടെന്നും അബ്‌ദുൾ ഗഫൂറിന്റെ ബന്ധുക്കൾ പറഞ്ഞു.
2023 ഏപ്രിൽ 14നായിരുന്നു ഗഫൂറിന്റെ മരണം. സംഭവത്തിൽ വീടുകളിൽ പോയി ആഭിചാരക്രിയ നടത്തുന്ന മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച് ഷമീന എന്ന ജിന്നുമ്മ (38), ഭർത്താവ് ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി ടി എം ഉബൈദ് എന്ന ഉവൈസ് (32), സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അസ്നിഫ (36), മധൂർ കൊല്ല്യ ഹൗസിൽ ആയിഷ (43) എന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു.
ഗഫൂറിന്റെ വീട്ടിലുണ്ടായിരുന്ന 596 പവൻ തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികൾ അബ്‌ദുൾ ഗഫൂർ ഹാജിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് നേരത്തെ കുറച്ച് സ്വർണം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിക്കാൻ തുടങ്ങിയതോടെ പണം ഇരട്ടിപ്പിച്ചു നൽകാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ സംഭവ ദിവസം വീട്ടിലെത്തിയത്. തുടർന്നായിരുന്നു കൊലപാതകം. മാന്ത്രിക ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ചില മരുന്നുകൾ ഗഫൂറിന് നൽകിയശേഷമായിരുന്നു കൊലപാതകം. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സ്വർണവും കവർന്നു.
പ്രതികൾ തട്ടിയെടുത്ത സ്വർണം കാസർകോട്ടെ അഞ്ച് ജുവലറികളിൽ വിറ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സമാന രീതിയിൽ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഇവർ പങ്കാളികളായായിട്ടുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. പലയിടങ്ങളിൽ നിന്നായി ധാരാളം പണം ഇവർക്ക് കിട്ടിയിട്ടുണ്ട്. തകിട് മന്ത്രിച്ച് നൽകിയാൽ പോലും അമ്പതിനായിരം രൂപയൊക്കെയാണ് ജിന്നുമ്മ കൈപ്പറ്റിയിരുന്നതെന്നാണ് സൂചന. ജിന്നുമ്മയുടെയും ഉവൈസിന്റെയും സാമ്പത്തിക ഇടപാടുകളെപ്പറ്റിയും അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |