സന്നിധാനം: ശബരിമലയിൽ വിവാദ വ്യവസായി സുനിൽ സ്വാമിക്ക് പ്രത്യേകമായി ഒരു പരിഗണനയും നൽകരുതെന്ന് ഹൈക്കോടതി. മറ്റ് ഭക്തർക്ക് ലഭിക്കാത്ത സൗകര്യങ്ങൾ സുനിൽ സ്വാമിക്ക് ശബരിമലയിൽ ലഭിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. വിർച്വൽ ക്യൂ വഴി മാത്രമാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനമുള്ളത്. സുനിൽ സ്വാമിക്കും ഈ രീതിയിൽ പ്രവേശനം അനുവദിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു.
ശബരിമലയിലെ ഡോണർ ഹൗസായ സഹ്യാദ്രി പിൽഗ്രിം സെന്ററിലെ 401ാം മുറി പത്ത് വർഷമായി സുനിൽ സ്വാമി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് കോടതി കണ്ടെത്തി. ശബരിമലയിൽ എല്ലാ ദിവസത്തെ പൂജകളിലും സുനിൽ സ്വാമി പങ്കെടുക്കുന്നുണ്ട്. ഈ സമയത്തെല്ലാം ശ്രീകോവിലിന് മുന്നിൽ ഇദ്ദേഹം ഉണ്ടാകാറുണ്ട്. ഈ പരിഗണനകളൊന്നും മറ്റ് ഭക്തർക്ക് ലഭിക്കാറില്ല.
ഡോണർ റൂമുകളിൽ ഒരു സീസണിൽ അഞ്ച് ദിവസം ആ മുറിയിൽ സൗജന്യമായി താമസിക്കാനും പത്ത് ദിവസം വാടക നൽകി താമസിക്കാനും അനുവാദമുണ്ട്. എന്നാൽ വർഷങ്ങളോളം അത് കൈവശം വയ്‌ക്കാൻ കഴിയില്ല. ഇതാണ് സുനിൽ സ്വാമി ലംഘിച്ചതെന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട സുനിൽ സ്വാമിയുടെ ഇടപെടലുകൾ വർഷങ്ങൾക്ക് മുമ്പ് തന്നെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മാസങ്ങളായി ഇവ കോടതി പരിശോധിച്ചുവരികയുമായിരുന്നു. വിവിധ വകുപ്പുകളിൽ നിന്ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടുകയും അവ പരിശോധിക്കുകയും ചെയ‌്ത ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |