മെക്സിക്കോ സിറ്റി: ആത്മീയ ചികിത്സയുടെ ഭാഗമായി ആമസോണിയൻ തവളയുടെ വിഷം കുടിച്ച മെക്സിക്കൻ നടിക്ക് ദാരുണാന്ത്യം. ഹ്രസ്വ ചിത്ര നടി മാർസെല അൽകാസർ റൊഡ്രിഗ്വെസ് (33) ആണ് മരിച്ചത്. തെക്കേ അമേരിക്കൻ കാംബോ ആചാരത്തിന്റെ ഭാഗമായി ശരീരം ശുദ്ധീകരിക്കാനാണ് മാർസെല തവള വിഷം കുടിച്ചത്. വിഷം ഉള്ളിലെത്തിയതിന് പിന്നാലെ മാർസെലയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ഈ മാസം ഒന്നിനായിരുന്നു സംഭവം.
ശരീരത്തിലെ വിഷമിറക്കാനാണ് കാംബോ ചികിത്സ നടത്തുന്നത്. അത്യന്തം അപകടം പിടിച്ച ഈ രീതിക്ക് പല രാജ്യങ്ങളിലും വിലക്കുണ്ടെങ്കിലും ഇത് ഇന്നും തുടരുന്നവരുണ്ട്. ഒരു ലിറ്റർ വെള്ളം കുടിപ്പിച്ച ശേഷം ശരീരത്തിൽ ചെറിയ പൊള്ളലുകളുണ്ടാക്കുകയും ഈ മുറിവിലേക്ക് തവള വിഷം പുരട്ടുന്നതും കാംബോ ചികിത്സയുടെ ഭാഗമാണ്.
മനുഷ്യ ശരീരത്തിലെ രക്തസമ്മർദ്ദം ഉയരാനും ഛർദ്ദിയ്ക്കും ഈ വിഷം കാരണമാകുന്നു. ചിലരിൽ അപസ്മാരം മുതൽ മരണത്തിന് വരെ കാംബോ ചികിത്സ കാരണമാകാം. കാംബോ എന്നറിയപ്പെടുന്ന ആമസോണിയൻ ജയന്റ് മങ്കി ഫ്രോഗിന്റെ വിഷമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ബ്രസീൽ, കൊളംബിയ, ബൊളീവിയ, പെറു എന്നിവിടങ്ങളിലെ ആമസോൺ വനമേഖലയിലാണ് ഇക്കൂട്ടരെ കണ്ടുവരുന്നത്.
മാർസെലയ്ക്ക് അസ്വസ്ഥതയുണ്ടായപ്പോൾ ചികിത്സാ കേന്ദ്രത്തിലെ വൈദ്യൻ അവരെ ആശുപത്രിയിൽ പോകാൻ അനുവദിച്ചില്ലെന്ന് റിപ്പോർട്ടുണ്ട്. മാർസെലയുടെ നില വഷളായതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. ചികിത്സാ കേന്ദ്രത്തിൽ ആത്മീയ രോഗശാന്തിയുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാം ചെയ്യുകയായിരുന്നു മാർസെല. അതേസമയം, നടിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ വൈദ്യനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |