ഒരു നഗരത്തിലെ മേയർക്ക് വൃദ്ധനായ ഒരു പരിചാരകനുണ്ടായിരുന്നു. ഒരിക്കൽ വൃദ്ധൻ മേയറുടെ ഓഫീസിലെ മേശ വൃത്തിയാക്കുമ്പോൾ മേശപ്പുറത്തു വച്ചിരുന്ന ഒരു ഫയലിൽനിന്ന് ഒരു പേന താഴെ വീണു. വീഴ്ചയിൽ അതിന്റെ നിബ്ബ് ഒടിഞ്ഞു. ആ സമയത്ത് മേയർ എത്തി. അദ്ദേഹത്തിന്റെ മരിച്ചുപോയ മുത്തച്ഛൻ ഒരു ജന്മദിനത്തിൽ നൽകിയ സമ്മാനമായിരുന്നു ആ പേന. തനിക്ക് ഏറെ പ്രിയപ്പെട്ട ആ പേന ഈ വിധമായത് മേയറിന് സഹിക്കാനായില്ല. അദ്ദേഹം വൃദ്ധനെ ജോലിയിൽനിന്നു പുറത്താക്കി. വൃദ്ധൻ കരഞ്ഞുകൊണ്ട് ക്ഷമ യാചിച്ചെങ്കിലും മേയർ തീരുമാനത്തിൽ ഉറച്ചുനിന്നു.
പക്ഷേ, അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ മേയർ ചിന്തിച്ചു. 'ആ പരിചാരകൻ ചെയ്ത തെറ്റ് എന്തായിരുന്നു? ഞാൻ ഫയലിനകത്ത് ആ പേന തുറന്നുവെച്ചതുകൊണ്ടാണ് അതിന്റെ നിബ്ബ് ഒടിഞ്ഞത്. എന്റെ അശ്രദ്ധ കാരണമാണ് പേന വീണതും കേടായതും. പരിചാരകൻ യഥാർത്ഥത്തിൽ നിരപരാധിയാണ്. മാത്രമല്ല എത്രയോ വർഷമായി അയാൾ എന്റെ ഓഫീസിൽ ജോലിചെയ്യുന്നു. വളരെ ആത്മാർത്ഥതയും സത്യസന്ധതയും അനുസരണയും ഉള്ളയാളുമാണ്. അയാളോട് ഞാൻ ചെയ്തത് ഒട്ടും ശരിയായില്ല."
പിറ്റേന്ന് രാവിലെതന്നെ മേയർ ആ പരിചാരകനെ വിളിച്ചുവരുത്തി ക്ഷമ ചോദിച്ചു. 'ഇന്നലെ ഞാൻ നിങ്ങളോട് വല്ലാതെ മോശമായി പെരുമാറി. അത് തെറ്റായിപ്പോയി. നിങ്ങൾ പഴയതുപോലെ ജോലിയിൽ തുടരുക."
ഈ കഥയിൽ നമുക്കു ചില പാഠങ്ങൾ പഠിക്കാനുണ്ട്. ക്രോധം മനസിനെ കീഴടക്കുന്നു എന്നു തോന്നിയാൽ ഉടനെ നമ്മൾ വളരെ ശ്രദ്ധിക്കണം. ക്രോധം എന്നത് കടിക്കുന്ന പട്ടിയെപ്പോലെയാണ്. അതിനെ എപ്പോഴും തുടലിട്ടു നിയന്ത്രിക്കണം. അല്ലെങ്കിൽ അത് ആരെ കണ്ടാലും കുരയ്ക്കുകയും, നിരപരാധികളെപ്പോലും കടിച്ചു മുറിവേല്പിക്കുകയും ചെയ്യും.
ജീവിത സാഹചര്യങ്ങളിൽ ക്രോധം വരികയെന്നത് സ്വാഭാവികമാണ്. ആരെങ്കിലും തെറ്റ് ചെയ്തെന്ന് തോന്നുമ്പോഴാണ് കൂടുതലും നമ്മൾ കോപത്തിന് അധീനരാക്കുന്നത്. ഒരല്പം ക്ഷമയും പുനർവിചിന്തനവും അവിടെ ആവശ്യമാണ്. ചിലപ്പോൾ മറ്റുള്ളവർ ഇങ്ങോട്ട് കോപിക്കുമ്പോൾ തിരിച്ചും കോപം വരും. വീൽച്ചെയറിലിരിക്കുന്ന ഒരു വികലാംഗനെ കാണുമ്പോൾ നമുക്കു സഹതാപമല്ലേ തോന്നുക? ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത ഒരാളും ഇതുപോലെ വികലാംഗനാണ്. അയാളുടെ വികലത പുറമെ കാണുന്നില്ലെന്നു മാത്രം. നമ്മളോടു കോപിക്കുന്നവർ യഥാർത്ഥത്തിൽ നമ്മുടെ സഹതാപമാണ് അർഹിക്കുന്നത്. ശാരീരികമായ അംഗവൈകല്യമുള്ളയാളോടു നമുക്കു സഹതാപം തോന്നുന്നതു പോലെ ദേഷ്യപ്പെടുന്നവരോടും നമുക്കു സഹതാപം തോന്നുകയാണെങ്കിൽ നമ്മൾ വിജയിച്ചു. നമ്മുടെ ക്ഷമ അവരിലും പരിവർത്തനം വരുത്താം.
ജീവിതത്തിൽ നമ്മൾ എന്തൊക്കെ നേടിയാലും ക്രോധത്തെ നിയന്ത്രിക്കുവാനുള്ള കഴിവു നേടിയില്ലെങ്കിൽ ജീവിതം പരാജയമാകും; ക്ഷമ ശീലിക്കുവാൻ കഴിഞ്ഞാലോ അതു മഹത്തായ വിജയമാണ്. നമ്മൾ ദേഷ്യത്തിനു അടിമപ്പെടുന്നതുവരെ, മനസിന്റെ നിയന്ത്രണം നമ്മുടെ കൈയിലാണ്. ആ നിയന്ത്രണം ഒരിക്കലും നഷ്ടപ്പെടരുത്. വാസ്തവത്തിൽ മനസിന്റെ മേലുള്ള വിജയമാണ് ഏറ്റവും വലിയ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |