ശ്രീവല്ലിയാകാൻ എത്ര വട്ടം സമ്മതമെന്ന് ചോദിച്ചാൽ ഒന്നും ആലോചിക്കേണ്ടി വരില്ല എന്നാണ് രശ്മിക മന്ദാനയുടെ മറുപടി . അല്ലു അർജുൻ നായകനായ പുഷ്പ 2: ദ റൂൾ തിയേറ്ററിൽ ഗർജ്ജനം മുഴക്കുമ്പോൾ ശ്രീവല്ലിയായി തിളങ്ങി രശ്മിക പതിവിലും ആഹ്ലാദത്തിൽ. അനിമൽ എന്ന ബോളിവുഡ് സിനിമയിൽ റൺബീർ കപൂറിന്റെ ഭാര്യ ഗീതാഞ്ജലി നൽകിയ പ്രശസ്തി ബി ടൗണിൽ ഇപ്പോഴും അലയടിക്കുന്നു.
പുഷ്പയുടെ ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിനു ശേഷം രശ്മിക അഭിനയിച്ച മൂന്നാമത്തെ ഹിന്ദി സിനിമയാണത്. അനിമൽ നൽകിയ തിളക്കം കഴിഞ്ഞ് കൃത്യം ഒരു വർഷം പിന്നിടുന്ന വേളയിൽ പുഷ്പയുടെ രണ്ടാം ഭാഗം എത്തുമ്പോൾ ബോളിവുഡ് രശ്മികയെ നോട്ടമിടുന്നു.
സൽമാൻ ഖാന്റെ നായികയായി സിക്കന്ദർ, വിക്കി കൗശലിന്റെ ചാവ എന്നീ സിനിമകൾ ഒരുങ്ങുമ്പോൾ നാഷണൽ ക്രഷായി മാറിയ രശ്മിക മന്ദാന തെന്നിന്ത്യയിൽ നിന്ന് ബോളിവുഡ് സിനിമാലോകത്ത് നായികയായി മുൻനിരയിൽ ഇരിപ്പുറപ്പിച്ചു.
ഈ സ്വപ്നം കണ്ടില്ല
ആദ്യ ചിത്രം കിറിക് പാർട്ടിയിൽ നിന്ന് ഒമ്പതു വർഷത്തിനിപ്പുറം എത്തി നിൽക്കുമ്പോൾ സ്വപ്നം കാണുന്നതിലും ഉയരത്തിൽ രശ്മികയുടെ സ്ഥാനം. കന്നടയ്ക്കും തെലുങ്കിനും അപ്പുറം സിനിമാലോകത്തെപ്പറ്റി ചിന്തിച്ചതേയില്ല. ശ്രീവല്ലി എന്ന കഥാപാത്രം നൽകിയ യശസ് എന്നും കൂടെയുണ്ടാകും എന്ന് രശ്മിക പറയാറുണ്ട്. അഭിനയിച്ച സിനിമയിൽ ഏറെയും ഹിറ്റുകൾ.
കർണാടകയിലെ വിരാജ്പേട്ടയിൽ നിന്നു തുടങ്ങിയ സിനിമായാത്ര അത്ര വേഗത്തിലായിരുന്നില്ലെങ്കിലും തിളക്കത്തിൽ മാത്രം കുതിപ്പ് നിറഞ്ഞു. സിനിമയുമായി ബന്ധവുമില്ലാത്ത കുടുംബത്തിൽ ജനനം. സൈക്കോളജിയിൽ ബിരുദം പൂർത്തിയാക്കി മോഡലിംഗിലൂടെ സിനിമാ രംഗത്തേക്ക് . രശ്മികയുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കളും അനുജത്തിയും നിന്നു.
2018ൽ നാഗശൗര്യ നായകനായ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ തുടക്കം. പരാജയമില്ലാത്ത കരിയറിലൂടെ മുന്നേറുമ്പോൾ ഗീതാഗോവിന്ദം എത്തി.
ദേവദാസ്, ഡിയർ കോമ്രേഡ്,ഭീ ഷ്മ, പൊഗാരു , സീതാരാമം തുടങ്ങിയസൂപ്പർ ഹിറ്റ് സിനിമകളിലും നായികയായി. രണ്ടു വർഷം മുൻപാണ് ബോളിവുഡ് അരങ്ങേറ്റം. ഗുഡ്ബൈ സിനിമയിൽ അമിതാഭ് ബച്ചനൊപ്പം ഗംഭീര തുടക്കം. സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് ഒപ്പം മിഷൻ മജ്നു . തെന്നിന്ത്യൻ സുന്ദരിമാരെ ബോളിവുഡ് അത്ര ചേർത്തു പിടിക്കാറില്ല.
രശ്മിക ചിരിയിൽ വിജയ് ദേവരകൊണ്ടയെ പോലെ അവരും വീണു പോയി എന്ന് കരുതുന്നവർ ഏറെയാണ്. തമിഴ് അരങ്ങേറ്റം നടത്താൻ സുൽത്താൻ എത്തി. മലയാളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ് രശ്മിക.പ്രതിഫലം കോടികളായി ഉയർന്നപ്പോഴും മുംബയ് യിൽ ചേക്കേറാതെ വിരാജ്പേട്ടയിൽ തന്നെ തല ചായ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |